മൈനാഗപ്പള്ളി അപകടം;ഒന്നാം പ്രതി അജ്മലിൻ്റെ ജ്യാമ്യാപേക്ഷ കോടതി തള്ളി

Advertisement

ശാസ്താംകോട്ട:വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവിൽ തിരുവോണ ദിവസം വൈകിട്ട് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചിട്ടശേഷം കാർ ശരീരത്തിലൂടെ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസ്സിലെ ഒന്നാം പ്രതി ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മലിൻ്റെ (29) ജ്യാമ്യാപേക്ഷ കോടതി തള്ളി. അഡ്വ.മിഥുന്‍ബോസ് മുഖാന്തിരമാണ് അജ്മലിനു വേണ്ടി ശാസ്താംകോട്ട ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്. എന്നാൽ അസി പബ്ളിക് പ്രോസിക്യൂട്ടര്‍ ശിഖ ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തു. പ്രതിപുറത്തിറങ്ങുന്നത് അയാള്‍ക്കുതന്നെ അപകടകരമാണെന്നും മരിച്ച കുഞ്ഞുമോളുടെ ഭര്‍ത്താവ് നൗഷാദിനുവേണ്ടി ഹാജരായ അഡ്വ.കണിച്ചേരി സുരേഷ് കോടതിയെ അറിയിച്ചു . എപിപിയുടെ വാദം അംഗീകരിച്ചാണ് മജിസ്ട്രേറ്റ് ആർ.നവീൻ ജാമ്യഹർജി തള്ളി ഉത്തരവായത്.