സിനിമാ ലോകത്തെ ആട്ടി ഉലച്ച് പീഡനക്കേസുകള്‍

Advertisement

കൊച്ചി. യുവനടി നല്‍കിയ ബലാത്സംഗ കേസില്‍ നടന്‍ സിദ്ധിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ സിനിമാ ലോകത്തെ ആട്ടി ഉലച്ച് പീഡനക്കേസുകള്‍. നിലവിലെ സാഹചര്യത്തില്‍ സിദ്ധിഖിന് ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അതിനിടെ മുന്‍കൂര്‍ ജാമ്യമുണ്ടായിട്ടും മുകേഷിന്‍റെ അറസ്റ്റ് രാഷ്ട്രീയമായിക്കൂടി വന്‍ ഓളമായിരിക്കയാണ്.


ജസ്റ്റിസ് ഡി.എസ്.ഡയസാണ് നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി നടപടി. നിലവിലെ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ല. സാഹചര്യ തെളിവുകൾ നടന് എതിരാണ്. ഇര പരാതി നൽകിയതിലെ കാലതാമസം വീഴ്ചയായി കാണാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടി ഉള്‍പ്പെടെ സിദ്ദിഖ് നേരിടേണ്ടി വരും. അന്വേഷണ സംഘം ഇതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വിധി പകർപ്പ് വന്ന ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിദ്ദിഖിന്‍റെ അഭിഭാഷകൻ അറിയിച്ചു. ഇന്നലെ രാത്രി വരെ സിദിഖ് കൊച്ചിയിലെ വീട്ടിലുണ്ടായിരുന്നുവെന്നും ഇന്ന് അവിടെ നിന്ന് മാറി നില്‍ക്കുകയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. സിദ്ദിഖിന്‍റെ ഫോണും സ്വിച്ച് ഓഫ് ആണ്. സിദ്ധിഖിന്‍റെ മകന്‍അടക്കം ചിലര്‍ അഭിഭാഷകരെ ബന്ധപ്പെടുന്നുണ്ട്. സുപ്രിംകോടതിയിലേക്ക് നീങ്ങുകയാണ് ലക്ഷ്യം. സിദ്ധിഖിന് വേണ്ടി വിമാനത്താവളത്തിലടക്കം നോട്ടീസ് നല്‍കിയിരിക്കയാണ് പൊലീസ്.

Advertisement