മുകേഷിന് ജാമ്യം നൽകി വിട്ടയച്ചു

Advertisement

കൊച്ചി. അതിജീവിതന്മാർ ഉയർത്തിയ പീഡന പരാതിയിൽ കൊല്ലം എംഎല്‍എ മുകേഷിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തശേഷം ജാമ്യം നൽകി വിട്ടയച്ചു. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് മുകേഷിന് ജാമ്യം അനുവദിച്ചത്. നടൻ ജയസൂര്യക്കെതിരെ പരാതി നൽകിയ നടി ഇന്ന് കോലഞ്ചേരി കോടതിയിൽ രഹസ്യ മൊഴി നൽകുകയും ചെയ്തു.

ഇന്ന് രാവിലെ 10. 12 ഓടെ ആണ് നടൻ മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. രണ്ടു മണിക്കൂറിൽ ഏറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുകേഷിനെതിരെ ഉയർന്ന പരാതികളിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു.
ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യങ്ങൾ ഉൾപ്പെടുത്തിയാണ് മുകേഷിന് ജാമ്യം അനുവദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച മുകേഷിന്റെ വൈദ്യ പരിശോധനയും നടത്തി.കേസിനെ കുറിച്ചോ അറസ്റ്റിനെക്കുറിച്ച് ഒന്നും പറയാതെ ചിരിച്ചുകൊണ്ട് ആണ് മുകേഷ് പുറത്തേക്കിറങ്ങിയത്. സിനിമാ സെറ്റിൽവെച്ച് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു എന്ന നടിയുടെ പരാതിയിൽ ജയസൂര്യക്കെതിരെ ഇന്ന് നടി രഹസ്യ മൊഴി നൽകി. കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയുടെ ഫാക്ടറിയിൽ വച്ച് അപമാനിക്കപ്പെട്ടു എന്നതടക്കമുള്ള കേസിലാണ് നടി രഹസ്യമൊഴി നൽകിയത്.കോലഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നടി രഹസ്യമൊഴി നൽകാനായി എത്തിയത്.മുൻപ് താൻ പറഞ്ഞ കാര്യങ്ങളെല്ലാം മജിസ്ട്രേറ്റിനോട് വെളിപ്പെടുത്തിയതായി നടി വ്യക്തമാക്കി.

കേസിലെ പരാതിക്കാരെ സ്വാധീനിക്കരുത് എന്നും ഭീഷണിപ്പെടുത്തരുത് എന്നും അന്വേഷണസംഘം എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണം എന്നത് അടക്കമുള്ള വ്യവസ്ഥകളും മുകേഷിന്റെ ജാമ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജയസൂര്യക്കെതിരായി പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചശേഷം കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.