തിരച്ചിൽ ഫലം കണ്ടു; അർജുൻ്റെ ലോറി കിട്ടി, ഒപ്പം അർജുനും

Advertisement

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനില്‍ അർജുൻ്റെ മൃതദേഹവും ഉണ്ട്. കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം അർജുനയും പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്.

മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് നടത്തിയാണ് ലോറി പുഴയില്‍ നിന്ന് കണ്ടെടുത്തത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറിയുടെ കാബിനിലുണ്ടായിരുന്ന മൃതദേഹഭാഗം അധികൃതര്‍ പുറത്തെടുത്തിട്ടുണ്ട്. ലോറി കരയിലേക്കെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ അടയാളപ്പെടുത്തിയ മേഖലയിലാണ് ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇന്ന് നടത്തിയിരുന്നത്. ഐബോഡ് പരിശോധനയില്‍ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് തിട്ടപ്പെടുത്തിയ ഭാഗമാണിത്. നാവികസേനയുടെ സംഘമടക്കമാണ് ദൗത്യത്തിനുണ്ടായിരുന്നത്. പ്രതികൂലമായ കാവസ്ഥയില്‍കൂടിയായിരുന്നു തിരച്ചില്‍. സിപി 2 മേഖലയില്‍നിന്നാണ് അര്‍ജുന്റെ ലോറി കണ്ടെടുത്തതെന്നാണ് വിവരം.

ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു മണ്ണിടിച്ചിലുണ്ടായി അർജുന്‍റെ ലോറി അപകടത്തില്‍പ്പെട്ടത്. ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയില്‍നിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് അര്‍ജുന്‍ അപകടത്തിലാകുന്നത്.

Advertisement