ആത്മാഭിമാനം കൂടുതലാണെന്ന് അന്‍വര്‍, ഇന്നു വൈകിട്ട് പത്രസമ്മേളനം

Advertisement

മലപ്പുറം. സി പി എം നിർദ്ദേശങ്ങൾ എല്ലാം തള്ളി പരസ്യപ്രസ്താവന തുടർന്ന് പി വി അൻവർ. ആത്മാഭിമാനം കൂടുതലാണെന്നും ഇന്ന് വൈകിട്ട് 4 30ന് മാധ്യമങ്ങളെ കാണുമെന്നും പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു. പാർട്ടി തീരുമാനങ്ങളെ അൻവർ നിരന്തരം ചോദ്യം ചെയ്യുന്നതിൽ അമ്പരപ്പിലാണ് പാർട്ടി നേതൃത്വം. അതേസമയം തിരൂരങ്ങാടിയിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച നിയാസ് പുളിക്കകത്ത് മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തി.

സിപിഎമ്മിന്റെ ചരിത്രത്തിൽ ഇല്ലാത്ത വിധം ഇടത് എംഎൽഎയായ പി വി അൻവർ പാർട്ടി സീമകൾ എല്ലാം ലംഘിച്ച് നേതൃത്വത്തെ വെല്ലുവിളിക്കുകയാണ്. സിപിഎം അഭ്യർത്ഥന മാനിച്ച് പരസ്യപ്രസ്താവനകളിൽ നിന്നും മാറി നിൽക്കുന്നു വെന്നറിയിച്ച അൻവർ ഇന്നലെ സർക്കാർ തീരുമാനത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ആർഎസ്എസ് -എഡിജിപി കൂടിക്കാഴ്ചയിലെ അന്വേഷണം ഈ വർഷത്തെ ഏറ്റവും വലിയ തമാശ എന്നായിരുന്നു അൻവർ പറഞ്ഞത്. വിശ്വാസത്തിനും വിധേയത്വത്തിനും മുകളിലാണ് ആത്മാഭിമാനം, അത് കൂടുതലാണെന്നും നീതിയില്ലെങ്കിൽ തീ ആവുമെന്നും ഇന്ന് ഫേസ്ബുക്കിൽ കുറിച്ചു. 4. 30ന് നിലമ്പൂരിൽ മാധ്യമങ്ങളെ കാണും. കടുത്ത തീരുമാനങ്ങളിലേക്ക് അൻവർ കടക്കും എന്നാണ് സൂചന.

തിരൂരങ്ങാടിയിൽ നിന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച നിയാസ് പുളിക്കലകത്തും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയണം. നേതാക്കൾക്കാർജ്ജവം ഇല്ലെങ്കിൽ അണികൾക്കിടയിൽ നിന്ന് ഉണ്ടാകും. തന്റെയും മക്കളുടെയും മരുമക്കളുടെയും ഭാവി ഭാസുരമാക്കാൻ പ്രസ്ഥാനത്തെ ആരൊറ്റിയാലും എതിർക്കണം എന്നും ഫേസ്ബുക്കിൽ എഴുതി. പരസ്യപ്രസ്താവന തുടർന്നാൽ നിലവിൽ പാർലമെൻററി പാർട്ടി അംഗമായ അൻവറിനെ നിയമസഭാ കക്ഷിയോഗം വിളിച്ചുചേർത്ത് തിരുത്തുന്നതിലേക്ക് പാർട്ടി കടക്കും. അതിനു മുൻപ് അൻവർ നടത്തുന്ന ഇന്നത്തെ നീക്കം നിർണായകമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here