നിർമ്മാതാവിൻ്റെ ക്രൂര പീഡനത്തിനിരയായ മലയാള സിനിമയിലെ പ്രമുഖ നടി അതിന് തൊട്ടുപിന്നാലെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി നേരിട്ട് ഓടിയെത്തി പരാതി പറഞ്ഞിട്ടും കേരള മുഖ്യമന്ത്രി ചെറുവിരലനക്കിയില്ല എന്ന് വെളിപ്പെടുത്തൽ. മുൻ മുഖ്യമന്ത്രി കെം കരുണാകരന് എതിരെ ആണ് വെളിപ്പെടുത്തൽ. അതീവ ഗുരുതര ആരോപണം ഉന്നയിക്കുന്നത് കെ.കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവിയായിരുന്ന തോട്ടം രാജശേഖരൻ ആണ്.
പരാതി അന്വേഷിക്കാമെന്ന് ഉറപ്പുകൊടുത്ത് നടിയെ പറഞ്ഞയച്ച ശേഷം, അത് വേണ്ടെന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞെന്നാണ് വെളിപ്പെടുത്തല്‍. ഇരയും വേട്ടക്കാരനും പിന്നീട് ഒട്ടേറെ അംഗീകാരങ്ങള്‍ നേടി സിനിമയില്‍ സജീവമായിരുന്നു എന്നും രാജശേഖരൻ തുറന്നുപറയുന്നു. ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെയും അതിലൂടെ പുറത്തുവരുന്ന ലൈംഗീക ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് മുപ്പത് വർഷമെങ്കിലും പഴക്കമുള്ള അനുഭവം തോട്ടം രാജശേഖരൻ വെളിപ്പെടുത്തുന്നത്. ദീർഘകാലം സിനിമയുടേയും പബ്ളിക് റിലേഷൻസ് വകുപ്പിൻ്റേയും ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു.
പിആർഡി ഡയറക്ടറെന്ന നിലയില്‍ മുഖ്യമന്ത്രിയുമായി നേരിട്ട് ഇടപെടാൻ അവസരം ഉണ്ടായിരുന്ന അദ്ദേഹം, കേരള ശബ്ദം വാരികയിലെഴുതിയ അനുഭവക്കുറിപ്പിലാണ് ഈ സംഭ്രമജനകമായ വെളിപ്പെടുത്തല്‍ നടത്തുന്നത്. “ഒരു ദിവസം രാവിലെ ഒരു സ്ത്രീ കീറിപ്പറിഞ്ഞ സാരിയും ബ്ളൗസുമായി ദേഹോപദ്രവമേറ്റ്, വേദനയോടെ സെക്രട്ടറിയേറ്റിലെ എൻ്റെ ആഫീസ് മുറിയിലെത്തി. തെക്കേ ഇന്ത്യയിലെ പ്രസിദ്ധ നടിയാണെന്ന് മനസിലാക്കിയപ്പോള്‍ ആശ്വസിപ്പിച്ച ശേഷം കാര്യം തിരക്കി. താൻ അഭിനയിച്ച ഒരു ചിത്രത്തിൻ്റെ പ്രതിഫലം ഏറെക്കാലം കാത്തിട്ടും കിട്ടാത്തതിനാല്‍ തിരുവനന്തപുരത്തുള്ള പ്രൊഡ്യൂസറെ കാണാൻ ചെന്നതാണ്.
‘നേരത്തെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഞാൻ ചെന്നപ്പോള്‍ അദ്ദേഹത്തിൻ്റെ ഇംഗിതത്തിന് വഴങ്ങാതിരുന്നതിനാല്‍ എന്നെ കടന്നാക്രമിച്ചു. അതില്‍ നിന്ന് വല്ല വിധേനയും കുതറിമാറി വരികയാണ്. എനിക്ക് മുഖ്യമന്ത്രിയെക്കണ്ട് വിവരം പറയണം’- ഇങ്ങനെയാണ് അവർ പറഞ്ഞത്.”
“ഞാൻ ഇതിനിടക്ക് മുഖ്യമന്ത്രി കരുണാകരൻ സാറിനെ വിളിച്ച് വിവരം അറിയിച്ചിരുന്നു. ഭാഗ്യത്തിന് അന്ന് അദ്ദേഹം ആഫീസ് മുറിയില്‍ ഉണ്ടായിരുന്നു. ആരുടേയും കണ്ണില്‍ പെടാതെ ഞാൻ ആ നടിയെ അവിടെ എത്തിച്ചു. വിവരണം കേട്ട് കുറെ നേരം അദ്ദേഹം അസ്തപ്രജ്ഞനായി ഇരുന്നു. അന്വേഷിച്ച് വേണ്ടത് ചെയ്യാം എന്ന പതിവ് മറുപടിയോടെ അവരെ കോട്ടയ്ക്കകത്തുള്ള ഒരു അഭ്യുദയകാംക്ഷിയുടെ വീട്ടിലേക്ക് അയച്ചു. ഉച്ച കഴിഞ്ഞ് മേല്‍നടപടി എന്ത് വേണമെന്ന് അന്വേഷിച്ച് ഞാൻ ചെന്നപ്പോള്‍ അദ്ദേഹം ഒന്നും വേണ്ടന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. തുടർന്ന് പതിവ് സിംബലായി കണ്ണിറുക്കി കാണിക്കുകയും ചെയ്തു. ഇടയ്ക്ക് ഗുരുവായൂരപ്പനേയും വിളിച്ചു കാണും.”
“ആഭ്യന്തര വകുപ്പിൻ്റെ ചുമതലയും ഉള്ള മുഖ്യമന്ത്രിയായി പരമാധികാരത്തോടെ നാട് ഭരിക്കുന്ന അക്കാലത്ത് അദ്ദേഹം നടപടി എടുത്തിരുന്നെങ്കില്‍ പില്‍ക്കാലത്ത് നിരവധി അവാർഡുകള്‍ വാങ്ങുകയും ജീവിതത്തില്‍ സമുന്നത സ്ഥാനങ്ങളിലെത്തുകയും ചെയ്ത ആ നടിയുടെ ഭാവി എന്താകുമായിരുന്നു. വേട്ടക്കാരനേയും അനന്തരകാലത്ത് പല സൗഭാഗ്യങ്ങളും തേടിയെത്തി. ഇരുവരും ഇപ്പോഴും നമ്മുടെ ഇടയില്‍ ഉള്ളവരായതിനാല്‍ എൻ്റെ സാക്ഷി മൊഴിയും ചുരുക്കുന്നു. ഈ സംഭവം ആരോടും പറയേണ്ട എന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം ഞാൻ പാലിക്കുകയും ചെയ്തു.
“ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാദമിയും സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കാൻ അനുവദിക്കണം. ഇടത് പാർട്ടിക്കാരെ കുത്തിക്കയറ്റാനുള്ള ഇടമായി അക്കാദമിയും കോർപ്പറേഷനും അധ:പതിക്കരുത്. ഇപ്പോള്‍ പുറത്തു പോയ അക്കാദമി ചെയർമാൻ താൻ വേട്ടയാടപ്പെടുന്നു എന്ന് മാലോകരെ ബോധ്യപ്പെടുത്താനായി പറഞ്ഞ ഒരു കാരണം, ‘ഞാൻ എസ്‌എഫ്‌ഐക്കാരനായിട്ടാണ് ജീവിതം തുടങ്ങിയത്’ എന്നാണ്. സ്വാഭാവികമായും പാർട്ടിയില്‍ ഇക്കാലത്തിനിടക്ക് ഉയർന്നുയർന്ന് പൊളിറ്റ് ബ്യൂറോ അംഗമാകാനുള്ള യോഗ്യത അദ്ദേഹം സമ്പാദിച്ചിട്ടുണ്ടെന്ന് തോട്ടം രാജശേഖരൻ ലേഖനത്തില്‍ പരിഹസിക്കുന്നുണ്ട്