മോദിയുടെ ‘തീരുവ’ നീക്കത്തില്‍ തേങ്ങ വില അടിച്ചുകയറുന്നു; കര്‍ഷകര്‍ക്ക് ലോട്ടറി, അടുക്കളയില്‍ വേദന

Advertisement

സംസ്ഥാനത്തെ കേരകര്‍ഷകര്‍ക്ക് സന്തോഷം പകര്‍ന്ന് പച്ചത്തേങ്ങ വില കുതിക്കുന്നു. കേവലം ആറുദിവസം കൊണ്ട് 11 രൂപയിലധികമാണ് ഉയര്‍ന്നത്. വില ഇനിയും കൂടുമെന്നാണ് മൊത്തക്കച്ചവടക്കാര്‍ പറയുന്നത്. ഉത്പാദനം കുറഞ്ഞതോടൊപ്പം ഡിമാന്‍ഡ് കൂടിയതും തേങ്ങയുടെ സമയം തെളിയാന്‍ കാരണമായിട്ടുണ്ട്.

നിലവില്‍ പച്ചത്തേങ്ങയുടെ ചില്ലറ വില്പന വില 55 രൂപ വരെയാണ്. മൊത്തക്കച്ചവടക്കാര്‍ കിലോയ്ക്ക് 45 രൂപ വരെ നല്‍കിയാണ് ശേഖരിക്കുന്നത്. തേങ്ങ വില ഇത്രത്തോളം ഉയരുന്നത് ചരിത്രത്തില്‍ ആദ്യമാണ്. സെപ്റ്റംബര്‍ ആദ്യ വാരം വരെ തേങ്ങവിലയില്‍ വലിയ അനക്കമൊന്നും ഇല്ലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി നികുതി വര്‍ധിപ്പിച്ചതോടെയാണ് തേങ്ങ വില കുതിക്കാന്‍ തുടങ്ങിയത്.

തേങ്ങ വില ഉയര്‍ന്നതോടെ വിപണിയില്‍ പൂഴ്ത്തിവയ്പ് വ്യാപകമാണെന്ന പരാതി ഉയരുന്നുണ്ട്. കൃത്രിമക്ഷാമം സൃഷ്ടിച്ച് വില കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. വില ഉയര്‍ന്നതോടെ കൊപ്ര ഉത്പാദനം പലരും താല്‍ക്കാലികമായി നിറുത്തിയിട്ടുണ്ട്.

ഇറക്കുമതി നിയന്ത്രിച്ചപ്പോള്‍ കര്‍ഷകന് നേട്ടം

സെപ്റ്റംബര്‍ 14ന് കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയിരുന്നു. പാമോയില്‍, സൂര്യകാന്തി, സോയാബീന്‍ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. വെളിച്ചെണ്ണയേക്കാള്‍ വില കുറഞ്ഞ ഇത്തരം എണ്ണകളായിരുന്നു പലരും ഉപയോഗിച്ചിരുന്നത്. കുറഞ്ഞ നികുതി മാത്രം ഈടാക്കിയിരുന്നതിനാല്‍ വിലയും കുറവായിരുന്നു.

എന്നാല്‍ 20 ശതമാനം മുതല്‍ 32 ശതമാനം വരെ നികുതി ഉയര്‍ത്തിയതോടെ ഇത്തരം ഭക്ഷ്യഎണ്ണകളുടെ വില ഉയര്‍ന്നു തുടങ്ങി. പാമോയില്‍ വിലയില്‍ വലിയ വര്‍ധന വന്നതോടെയാണ് പലരും വീണ്ടും വെളിച്ചെണ്ണയിലേക്ക് തിരിഞ്ഞത്. ഡിമാന്‍ഡ് പെട്ടെന്ന് ഉയര്‍ന്നതോടെയാണ് വിലയും ആനുപാതികമായി കൂടി തുടങ്ങിയത്.

സോയാബീന്‍, പരുത്തി എന്നിവയുടെ ഇറക്കുമതിയില്‍ ഇക്കൊല്ലം ആദ്യ ആറുമാസത്തില്‍ 55 ശതമാനം വരെ വര്‍ധനയുണ്ടായിരുന്നു. പാമോയില്‍ ഇറക്കുമതിയില്‍ ഇത് 30 ശതമാനവും. നികുതി വര്‍ധിപ്പിച്ചതോടെ ഇറക്കുമതി വന്‍തോതില്‍ ഇടിയും. വെളിച്ചെണ്ണ വിലയ്‌ക്കൊപ്പം തേങ്ങ വിലയിലും ഇത് പ്രതിഫലിക്കും.

വെളിച്ചെണ്ണ വിലയിലും കുതിപ്പ്

ഓണത്തിനു മുമ്പു വരെ കിലോയ്ക്ക് 180 രൂപ വരെ പോയിരുന്ന വെളിച്ചെണ്ണ വില ഇപ്പോള്‍ 250 രൂപ വരെയായിട്ടുണ്ട്. തേങ്ങ ഉത്പാദനം കുറഞ്ഞത് വിലവര്‍ധനവിന് കാരണമാകുന്നുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 50 രൂപയോളമാണ് വര്‍ധിച്ചത്. വെളിച്ചെണ്ണ ഉത്പാദകര്‍ പ്രധാനമായും ആശ്രയിക്കുന്ന തമിഴ്നാട് കൊപ്രയുടെ വരവ് കുറഞ്ഞതാണ് വില വര്‍ധനവിന്റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
നേരത്തെ വന്നിരുന്ന കൊപ്രയുടെ നാലിലൊന്ന് മാത്രമേ നിലവില്‍ വരുന്നുള്ളൂ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞതോടെ തേങ്ങ ഉത്പാദനവും കാര്യമായി കുറഞ്ഞിരുന്നു. നവരാത്രി ആഘോഷങ്ങള്‍ക്കായി ഉത്തരേന്ത്യയിലേക്കുള്ള കയറ്റുമതി വര്‍ധിച്ചതും വില വര്‍ധനവിന് കാരണമായി. ദിവസങ്ങള്‍ക്ക് മുമ്പ് വരെ 112 രൂപയ്ക്ക് ലഭിച്ചിരുന്ന കൊപ്ര ഇപ്പോള്‍ 140 രൂപയ്ക്കാണ് വ്യാപാരം നടത്തുന്നത്. കൊപ്ര വില ഇനിയും ഉയരുമെന്നാണ് വിപണി നല്‍കുന്ന സൂചന.

Advertisement