മലപ്പുറം. സിപിഎമ്മിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഏകാധിപത്യത്തിന്‍റെ കടയ്ക്കല്‍ വെട്ടി വീണ്ടും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. സിപിഎം അതിന്‍റെ ചരിത്രത്തില്‍ ഉള്ളില്‍ നിന്നും നേരിടുന്ന ഏറ്റവും വലിയ ആരോപണമാണ് അന്‍വര്‍ ഉയര്‍ത്തിയത്. പാര്‍ട്ടി മാഫിയ പിടിയിലാണെന്നും മുഖ്യമന്ത്രിക്ക് ശക്തി നശിച്ചെന്നും സിപിഎമ്മിന്‍റെ അവസാനമുഖ്യമന്ത്രിയാകും പിണറായി വിജയനെന്നും അടക്കമുള്ള രൂക്ഷമായ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്.
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കൃത്യമായി അന്വേഷണം നടക്കുന്നില്ലെന്ന് അന്‍വര്‍ ആരോപിച്ചു. പരാതികളില്‍ വിശദമായ പരിശോധന നടക്കും എന്ന് പാര്‍ട്ടിയുടെ ഉറപ്പിലായിരുന്നു പരസ്യപ്രതികരണം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെടുന്നില്ല എന്ന് അന്‍വര്‍ ആരോപിച്ചു.
മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുകാരോട് ഉപമിച്ചെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. അത് തനിക്ക് വലിയ ഡാമേജുണ്ടാക്കി. പാര്‍ട്ടി അദ്ദേഹത്തെ തിരുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല എന്നും തനിക്ക് പാര്‍ട്ടി തന്ന ഉറപ്പുകള്‍ പാടേ ലംഘിക്കപ്പെട്ടെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത് അജിത് കുമാര്‍ നല്‍കിയ തിരക്കഥ അനുസരിച്ചാണ് എന്നും അദ്ദേഹം ആരോപിച്ചു.
പൊലീസ് തന്നെ കേസില്‍പ്പെടുത്തി അകത്താക്കുന്നതിന് മുന്‍പ് സത്യം വെളിപ്പെടുത്തണം എന്നതിനാലാണ് പാര്‍ട്ടി വിലക്ക് ലംഘിച്ച് വാര്‍ത്താസമ്മേളം നടത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ താന്‍ തന്നെ അന്വേഷണവുമായി മുന്നോട്ട് പോകേണ്ടി വന്നു എന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് കാരിയര്‍മാരോടും അവരുടെ കുടുംബങ്ങളോടും സംസാരിക്കുന്ന ദൃശ്യങ്ങളും അന്‍വര്‍ പുറത്തുവിട്ടു. ഇന്നലെ രാത്രി തന്റെ വീടിന് സമീപം പൊലീസ് എത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് അന്വേഷണത്തിലെ പ്രതീക്ഷ നഷ്ടപ്പെട്ടു എന്നും ഇനി നിയമത്തിന്റെ വഴിയിലൂടെയായിരിക്കും പോരാട്ടം എന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കി ഹര്‍ജി നല്‍കും. പൊലീസ് സിപിഎം പ്രവര്‍ത്തകരോടും നേതാക്കളോടും മോശമായാണ് പെരുമാറിയത്. സിപിഎം പ്രവര്‍ത്തകരാണ് എന്ന് പറഞ്ഞാല്‍ രണ്ടടി കൂടുതല്‍ കിട്ടുന്ന സാഹചര്യമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
താന്‍ എട്ട് വര്‍ഷം മുന്‍പ് സിപിഎമ്മിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ആളല്ല എന്നും ഡിഐസി തിരികെ കോണ്‍ഗ്രസിലേക്ക് പോയപ്പോള്‍ തൊട്ട് താന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പമാണ് എന്നും അന്‍വര്‍ പറഞ്ഞു. പി ശശിക്കെതിരേയും ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചത്. മരം മുറിയുമായി ബന്ധപ്പെട്ട് പരാതി പൊലീസ് ശരിയായിട്ടല്ല അന്വേഷിക്കുന്നത് എന്നും മുറിച്ച മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദുമായി സംസാരിച്ചപ്പോള്‍ ഫോട്ടോയിലുള്ള മരത്തിന്റെ തടി കിട്ടിയെന്ന് പറയാനാകില്ല എന്നാണ് പറഞ്ഞത് എന്നും അന്‍വര്‍ പറഞ്ഞു. തന്നെ നേരിട്ട് കൊണ്ടുപോയാല്‍ മുറിച്ച മരം കാണിച്ചുതരാമെന്ന് പറഞ്ഞു. എന്നാല്‍, അതിന് ഇതുവരെ എസ്പിയുടെ ക്യാമ്പ് ഓഫീസില്‍ പ്രവേശിപ്പിച്ചിട്ടില്ല.
188 ഓളം സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ 188 കേസുകളില്‍ 28 പേരെയെങ്കിലും ബന്ധപ്പെട്ടാല്‍ സത്യാവസ്ഥ പുറത്തുവരും എന്നും സ്വര്‍ണം കടത്തലും പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിച്ചാല്‍ കൃത്യമായി വിവരം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഈ നിമിഷം വരെ അത്തരമൊരു അന്വേഷണം നടന്നിട്ടില്ല. സ്വര്‍ണം പൊട്ടിക്കല്‍ ആരോപണത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി വലിയ ചിരിയായിരുന്നു. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താന്‍ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത്രത്തോളം അദ്ദേഹം കടന്ന് പറയേണ്ടിയിരുന്നില്ല. ഇപ്പോഴും ഞാന്‍ പാര്‍ട്ടിയെ തള്ളിപ്പറയാനില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമാണ് താന്‍ എന്നു പറയുന്ന അന്‍വര്‍ നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുമെന്നും നിലപാട് പ്രഖ്യാപിക്കുമെന്നും അറിയിച്ചിരിക്കയാണ്.