തിരുവനന്തപുരം. ചരിത്രത്തിലില്ലാത്ത വിധം സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കി ഇടത് എം.എൽ.എ പി വി അൻവർ. സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ നിസ്സഹായനാണെന്ന് അൻവർ വിമർശിച്ചു. ഈ പാർട്ടി നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന സാധാരണ പ്രവർത്തകർക്കു വേണ്ടിയാണ് താൻ ശബ്ദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ നേതൃത്വത്തെ പൂർണ്ണമായും തള്ളിയ അൻവർ, കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നെങ്കിൽ തനിക്ക് ഈ ഗതി വരില്ലെന്ന് തിരിച്ചടിച്ചു. എല്ലാം വിശദീകരിക്കാൻ ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ചു.
ഇടത് എംഎൽഎ എന്ന നിലയ്ക്കുള്ള എല്ലാ സീമകളും ലംഘിച്ച് പറയേണ്ടതിന്‍റെ പരമാവധി പറഞ്ഞുവെച്ചു പി വി അൻവർ. മുഖ്യമന്ത്രി ഉൾപ്പെട്ട സംഘം ഈ പാർട്ടിയെ എങ്ങോട്ടാണ് നയിക്കുന്നത്? സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ നിവർത്തികേടുകൊണ്ടാണ് തനിക്കെതിരെ പറഞ്ഞത്.
മുഖ്യമന്ത്രിയെയും പാർട്ടി നേതൃത്വത്തെയും അടുത്ത ഭാഷയിൽ വിമർശിച്ച അൻവർ പാർട്ടി പ്രവർത്തകരെ കൂടെ നിർത്തുന്ന തന്ത്രപരമായ ഭാഷയാണ് ഇന്ന് ഉപയോഗിച്ചത്. എന്താണ് പാർട്ടി എന്നും അതിലെ വ്യതിചലനവും വിശദീകരിച്ചു
സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നെങ്കിൽ താൻ പറയുന്നത് കേൾക്കുമായിരുന്നു. അദ്ദേഹത്തിൻറെ മൃതദേഹം എകെജി സെന്ററിലേക്ക് കൊണ്ടുപോകാത്തതിനു പിന്നിൽ മുഖ്യമന്ത്രിയാണ്.
ഞായറാഴ്ച നിലമ്പൂരിൽ രാഷ്ട്രീയ പൊതുസമ്മേളനം അൻവർ വിളിച്ചു. തന്റെ ഭാഗം വിശദീകരിക്കാനാണ് സമ്മേളനമെങ്കിലും നിലവിൽ പാർട്ടിക്കുള്ളിൽ നിന്നടക്കം ലഭിക്കുന്ന ജനപിന്തുണ ഉറപ്പിക്കുകയാണ് ലക്ഷ്യം.