അന്‍വറിനെതിരെ അങ്കംകുറിച്ച് സിപിഎം, പ്രസ്താവനകളുമായി നേതാക്കള്‍

Advertisement

തിരുവനന്തപുരം. ആഘാതത്തിന്‍റെ മരവിപ്പ് മാറിയതോടെ നിര്‍ദ്ദേശം ലഭിച്ചെന്നപോലെ സിപിഎം നേതാക്കളും ഘടകങ്ങളും അന്‍വറിനെതിരെ പ്രസ്താവനകളുമായി രംഗത്ത്. അന്‍വറിന്‍റെ ആരോപണങ്ങളോട് ആദ്യമണിക്കൂറുകളില്‍ നിശബ്ദമായിപ്രതികരിച്ച ഘടകങ്ങള്‍ ഈ വിവരം മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതോടെയാണ് സടകുടഞ്ഞുണര്‍ന്നത്. അന്‍വറിനെതിരെ വ്യാപകമായ പ്രതികരണം ഉണ്ടായേ പറ്റൂ എന്ന നിലയിലാണ് ഇപ്പോള്‍. പി വി അൻവർ ഇടതുപക്ഷം വിട്ട് പുറത്തുപോകാൻ കാരണം ഉണ്ടാക്കുന്നു എന്ന് അൻവറിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. ആരോപണങ്ങൾ വിചിത്രവും അവിശ്വസനീയവും. അദ്ദേഹത്തിൻറെ ആരോപണങ്ങൾ സർക്കാർ അന്വേഷിക്കുകയാണ്. അന്വേഷണം പൂർത്തിയാകാൻ പോലും കാത്തുനിൽക്കാതെയാണ് ആക്ഷേപം ഉന്നയിക്കുന്നത്. അദ്ദേഹത്തിൻറെ ഉദ്ദേശശുദ്ധിയിൽ സംശമുണ്ടാക്കുന്നു. അന്വേഷണവും നടപടികളും അല്ല അൻവറിന് ആവശ്യം ,സ്വരാജ് പറഞ്ഞു.

ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അൻവർ എന്ന് വാര്‍ത്താകുറിപ്പിലൂടെ :മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അൻവർ എന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.പല്ലിയ്ക്ക് താനാണ് ഉത്തരം താങ്ങുന്നത് എന്ന മിഥ്യാധാരണ ഉണ്ടായാൽ നിവൃത്തിയില്ല. ബാക്കി എല്ലാവർക്കും അതല്ല ശരി എന്നറിയാമെങ്കിലും പല്ലിയ്ക്ക് ആ ബോധ്യം ഉണ്ടാകില്ല.

ഇടതുപക്ഷത്തിന്റെ വോട്ട് നേടിയാണ് പി വി അൻവർ നിലമ്പൂരിൽ ജയിച്ചത്. പി വി അൻവറിന്റെ ഇപ്പോഴത്തെ നിലപാട് നിലമ്പൂരിലെ വോട്ടർമാർക്കെതിരാണ്. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടർമാരുടെ മുഖത്ത് കാർക്കിച്ച് തുപ്പുകയാണ് അൻവർ ചെയ്തിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും കൂടുതൽ ബഹുജന പിന്തുണയുള്ള പാർട്ടിയാണ് സി പി ഐ (എം). ജീവൻ നൽകിയും രക്തം നൽകിയും ആയിരങ്ങൾ പടുത്തുയർത്തിയ ഈ പ്രസ്ഥാനത്തിനെ അൻവർ എന്ന കളയ്ക്ക് ഒരു ചുക്കും ചെയ്യാനാകില്ല. പാർട്ടി അണികൾ ഇതുവരെ ക്ഷമിച്ചു. എന്നാൽ പാർട്ടി അണികളുടെ ക്ഷമ പരീക്ഷിക്കുകയാണ് അൻവർ ചെയ്യുന്നത്.

നിലമ്പൂരിൽ പാർട്ടിയ്ക്ക് വലിയ ചരിത്രമുണ്ട്. സഖാവ് കുഞ്ഞാലിയുടെ പാർട്ടി ആണിത്. ആ പാർട്ടിയെ നശിപ്പിക്കാൻ ഈ വായ്ത്താരി കൊണ്ടൊന്നും നടക്കില്ല എന്ന് അൻവർ താമസിയാതെ മനസിലാക്കും. കേരള രാഷ്ട്രീയത്തിൽ അലഞ്ഞു തിരിയേണ്ട ഗതികേട് വരും പി വി അൻവറിന് എന്ന കാര്യത്തിൽ തർക്കമില്ല.

കേരള മുഖ്യമന്ത്രിയും സി പി ഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന് പതിറ്റാണ്ടുകളുടെ സംശുദ്ധ രാഷ്ട്രീയ പാരമ്പര്യമുണ്ട്. കേരളത്തിൽ ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെ പി വി അൻവർ ഉന്നയിക്കുന്ന ആക്ഷേപങ്ങളും ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. ആരോപണങ്ങൾ ദിനവും ഉന്നയിക്കുക എന്നല്ലാതെ ഒരു തെളിവ് പോലും ഹാജരാക്കാൻ പി വി അൻവറിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ കരിവാരി തേക്കാനുള്ള ശ്രമം നടത്തുന്ന അൻവർ ആരുടെ അച്ചാരമാണ് വാങ്ങിയത് എന്ന് താമസിയാതെ വ്യക്തമാകുമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
പി വി അൻവറിനെതിരെ പി ജയരാജൻ ,തിരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിച്ചു. സിപി ഐ എമ്മിനെ സ്നേഹിക്കുന്ന ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തുന്ന നിലപാട്. അൻവർ പിൻതുടരുന്നത് വലതുപക്ഷത്തിൻ്റെ ശൈലി. പാർട്ടിയെ തകർക്കാൻ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായി അൻവർ മാറി. പിണറായിയെ പിതൃതുല്യനായി കണ്ടിരുന്ന അൻവറിന്, തെറ്റ് തുറന്ന് കാണിച്ചപ്പോഴാണോ ബോധോദയമുണ്ടായതെന്നും പി ജയരാജൻ

അൻവറിനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് ടി കെ ഹംസ. അൻവർ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചു കഴിഞ്ഞു.പാർട്ടി അൻവറിനോട് അനീതി കാണിച്ചിട്ടില്ല.പോകുന്നവർക്ക് എന്തും പറയാം, ആരെക്കുറിച്ചും പറയാം.അൻവറിനൊപ്പം സഖാക്കളില്ല.

സ്വർണ്ണക്കടത്ത് കാരിയറും അൻവറും തമ്മിൽ എന്താണ് ബന്ധം?.അതിൽ ദുരൂഹതയുണ്ട്.അൻവറിന്റെ പൊതുയോഗത്തിൽ നമ്മുടെ ആരാ പങ്കെടുക്കുന്നതെന്ന് നോക്കട്ടെ മറുപടി അപ്പോൾ പറയാം.ആരാണ് അൻവർ ?

സർക്കാർ നല്ല രീതിയിൽ പോകുമ്പോൾ അൻവർ ചാടി കളിച്ചാൽ എന്തു കുഴപ്പം ഉണ്ടാകാനാണ് ..ഇങ്ങനെ പോകാൻ മാത്രമുള്ള കുറ്റം സർക്കാരിനെതിരെ ചൂണ്ടിക്കാണിക്കാൻ അൻവറിന് കഴിഞ്ഞില്ല.ഇതിനെല്ലാം പിന്നിലുള്ള കാരണം അറിയാം. ഇപ്പോൾ പറയുന്നില്ലെന്നും ടി.കെ ഹംസ.


മുഖ്യമന്ത്രിക്കെതിരെ പി വി അൻവർ എംഎൽഎ നടത്തിയ വസ്‌തുതാവിരുദ്ധമായ ആക്ഷേപങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്ന്‌ സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പറഞ്ഞു. ഒരു ജനപ്രതിനിധിക്കിണങ്ങാത്ത പ്രസ്‌താവനയും പ്രവൃത്തിയുമാണ്‌ അദ്ദേഹം നടത്തുന്നത്‌. സ്വർണക്കടത്ത്‌ മാഫിയയുമായി അദ്ദേഹത്തിന്‌ ബന്ധമുണ്ടെന്ന ആരോപണം സാധൂകരിക്കുന്നതാണ്‌ വ്യാഴാഴ്‌ചത്തെ വാർത്താ സമ്മേളനം. അന്‍വര്‍ പുറത്തുവിട്ട വീഡിയോയിലുള്ളത് അറിയപ്പെടുന്ന കള്ളക്കടത്ത്‌ ക്യാരിയർമാരാണ്‌. ഇവരെ മഹത്വവൽക്കരിക്കുകയും സംരക്ഷിക്കുകയുമാണ്‌ അന്‍വര്‍.
സ്വർണക്കടത്തിനും ഹവാല ഇടപാടിനുമെതിരെ ശക്തമായ നിലപാടാണ്‌ കേരളത്തിലെ ആഭ്യന്തര വകുപ്പ്‌ സ്വീകരിക്കുന്നത്‌. പൊലീസിനെ നിർവീര്യമാക്കി, കള്ളക്കടത്തും ഹവാല ഇടപാടും സുഗമമാക്കുന്നതിനാണ്‌ അദ്ദേഹത്തിന്റെ പ്രസ്‌താനകൾ സഹായിക്കുന്നത്‌.
കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ പരിപാടിയിൽ ജനപ്രതിനിധിയുടെ മാന്യതയ്‌ക്ക്‌ നിരക്കാത്ത രീതിയിലാണ്‌ ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചത്‌. വേദിയില്‍നിന്ന് ഇറങ്ങിവന്ന്‌ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം മാധ്യമങ്ങളിൽ കണ്ടതാണ്‌. ജനപ്രതിനിധിക്ക്‌ നിരക്കാത്ത രീതിയിൽ എന്തും വിളിച്ചുപറയുകയും ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ്‌ തുടർച്ചയായി സ്വീകരിക്കുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി എംഎൽഎയ്‌ക്ക്‌ ഒട്ടും അനുയോജ്യമല്ലാത്തതാണ്‌ ഇത്തരം നിലപാടുകൾ. ഇത്തരം പ്രവൃത്തികള്‍ തിരുത്തണമെന്ന്‌ പാർടി ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ആവശ്യപ്പെട്ടിരുന്നു. വലതുപക്ഷ ശക്തികൾക്ക്‌ സഹായകരമായ പരസ്യപ്രസ്‌താവനയുണ്ടാകില്ലെന്ന്‌ ജില്ലാ നേതൃത്വത്തിന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ്‌ അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള പരസ്യപ്രസ്‌താവനകൾ വ്യക്തമാക്കുന്നത്‌. എന്തും വിളിച്ചുപറയുന്ന അവസ്ഥയിലേക്ക്‌ അന്‍വര്‍ തരംതാണു. ഇത്തരം പ്രസ്‌താവനകളും പ്രവൃത്തികളും ആവർത്തിക്കുന്ന രീതി തിരുത്താൻ സന്നദ്ധമാകണം. വലതുപക്ഷത്തിന്റെ ആയുധമായി പ്രവർത്തിക്കുന്ന പി വി അൻവറിന്റെ പ്രസ്‌താവനകളെയും പ്രവൃത്തികളെയും അവജ്ഞയോടെ തള്ളിക്കളയാൻ പാർടി പ്രവർത്തകർ മുന്നോട്ടുവരണമെന്നും ജില്ലാ സെക്രട്ടറി പ്രസ്‌താവനയിൽ പറഞ്ഞു.

Advertisement