തൃശൂര്‍: ജില്ലയിലെ മൂന്നിടത്തെ എടിഎമ്മുകളില്‍ നിന്നായി ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ സംഘം തമിഴ്നാട്ടില്‍ പിടിയില്‍. ഹരിയാന സ്വദേശികളായ ഇവരെ നാമക്കലില്‍ വച്ചാണ് തമിഴ്നാട് പോലീസ് പിടികൂടിയത്. പ്രതികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇവരെ പിന്തുടര്‍ന്ന് എത്തിയ പോലീസിനെ കവര്‍ച്ചക്കാര്‍ ആക്രമിച്ചുവെന്നാണ് ലഭ്യമായ വിവരം. ഇതോടെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു.
കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ മോഷ്ടിച്ച പണം കണ്ടെയ്നറില്‍ കടത്തുകയായിരുന്നു എന്നാണ് സൂചന. ഏറ്റുമുട്ടലില്‍ കൊള്ളസംഘത്തിലെ ഒരാള്‍ക്ക് വെടിയേറ്റിട്ടുണ്ട്. രണ്ട് പോലീസുകാര്‍ക്കും പരിക്കുണ്ടെന്നാണ് ലഭ്യമായ വിവരം. മോഷണത്തിന് വേണ്ടി ഉപയോഗിച്ചുവെന്ന് കരുതുന്ന കാര്‍ ഉള്‍പ്പെടെ കണ്ടെയ്നറില്‍ കടത്തിയായിരുന്നു ഇവരുടെ യാത്ര.
ഇന്ന് പുലര്‍ച്ചെയാണ് തൃശൂരില്‍ മൂന്നിടത്തായി എസ്ബിഐ എടിഎമ്മുകളില്‍ വന്‍ മോഷണം നടന്നത്. ഏകദേശം 65 ലക്ഷത്തോളം രൂപയുടെ മോഷണമാണ് നടന്നതെന്നായിരുന്നു ആദ്യഘത്തിലെ വിലയിരുത്തല്‍. വളരെ ആസൂത്രിതമായിട്ടായിരുന്നു മോഷണം നടന്നത്. പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയ്ക്കുള്ള സമയമാണ് പ്രതികള്‍ കൃത്യത്തിനായി തിരഞ്ഞെടുത്തത്.
വെള്ളക്കാറില്‍ എത്തിയ സംഘമാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് പോലീസ് അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കിയിരുന്നു. എന്നാല്‍ കാര്‍ ഉള്‍പ്പെടെ കണ്ടെയ്നറിലേക്ക് മാറ്റിയ പ്രതികളുടെ തന്ത്രം പോലീസിനെ കബളിപ്പിക്കാനായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ അപകടമാണ് പ്രതികള്‍ കുടുങ്ങുന്നതിലേക്ക് നയിച്ചതെന്ന് വ്യക്തം