അന്‍വറിനെതിരെ പരസ്യ പ്രതിഷേധത്തിന് സിപിഎം മലപ്പുറം ജില്ലാ ഘടകം

Advertisement

മലപ്പുറം. ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് വ്യക്തമായതോടെ അൻവർ നെതിരെ പരസ്യ പ്രതിഷേധത്തിന് സിപിഎം മലപ്പുറം ജില്ലാ ഘടകം. ഇന്ന് വൈകിട്ട് ഏരിയ തലങ്ങളിൽ പ്രതിഷേധ പ്രകടനം നടക്കും. അൻവർ രാഷ്ട്രീയ കോമാളിയായി മാറിയെന്ന് ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പ്രതികരിച്ചു. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ പാതി പിന്തുണയുമായി കെ ടി ജലീൽ മാത്രം രംഗത്ത് വന്നു. ടി കെ ഹംസയും വി അബ്ദുറഹ്മാനും അൻവറിനെ കൈവിട്ടു.

മുഖ്യമന്ത്രിയേയും പാർട്ടി നേതൃത്വത്തിനെയും കടന്നാക്രമിച്ച പിവി അൻവറിന് പ്രവർത്തകർക്കിടയിലുള്ള പൊതു പിന്തുണ കുറയ്ക്കുകയാണ് സിപിഎം ലക്ഷ്യം. മലപ്പുറത്ത് ഇന്ന് വൈകീട്ട് പരമാവധി പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധ പ്രകടനങ്ങൾ ഏരിയ തലങ്ങളിൽ നടക്കും. അൻവറിന്റെ സമനില തെറ്റിയെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്.

മന്ത്രി വി. അബ്ദുറഹ്മാനും മലപ്പുറത്തെ മുതിർന്ന സിപിഎം നേതാവ് ടി കെ ഹംസയും അൻവറിനെതിരെ പ്രതികരിച്ചു. എം ആർ അജിത് കുമാറിനെതിരെ അൻവർ നടത്തിയ ആരോപണങ്ങൾക്ക് പിന്തുണയുണ്ടെന്ന് കെ ടി ജലീൽ 24 നോട് പറഞ്ഞു. ജലീൽ മാത്രമാണ് പാതിയെങ്കിലും പിന്തുണയുമായി രംഗത്ത് വന്നത്.

പി.വി അൻവർ കൊളുത്തിയ തീ സിപിഎമ്മിൽ ആളിപ്പടരുകയാണ്. എങ്കിലും സോഷ്യൽ മീഡിയയിൽ അൻവർ നെതിരെ പാർട്ടി പ്രവർത്തകരുടെ ഭാഗത്തുനിന്ന് കടന്നലാക്രമണമില്ലാത്തത് ശ്രദ്ധേയം.