‘അൻവറുമായുള്ള എല്ലാ ബന്ധവും സിപിഎം ഉപേക്ഷിക്കുന്നു; പിണറായിക്കെതിരായ നീക്കം രാഷ്ട്രീയ വേല’

Advertisement

ന്യൂഡൽഹി: സർക്കാരിനെതിരെ അൻവറിന് ആരോപണം ഉന്നയിക്കാമെന്നും എന്നാൽ ഇടത് എംഎൽഎയായി ഇരുന്ന് അങ്ങനെ പറയാൻ കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. താൻ എൽഡിഎഫിൽ ഇല്ലെന്നും പിണറായി കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും പറയാം. പക്ഷേ, ഇടത് എംഎൽഎയായി ഇരുന്നുകൊണ്ട് അങ്ങനെ പറയാൻ കഴിയില്ല. പാർട്ടിക്ക് അൻവറിനെ പുറംതള്ളമെന്ന അഭിപ്രായം അന്നുമില്ല, ഇന്നുമില്ല. പി.വി.അൻവറുമായുള്ള എല്ലാ ബന്ധവും സിപിഎം ഉപേക്ഷിക്കുകയാണ്.

പിണറായി വിജയനാണോ പാർട്ടിയെന്ന ചോദ്യത്തിന്, പിണറായി വിജയൻ പാർട്ടിയല്ലെന്നും സിനീയറായ പാർട്ടി നേതാവാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഒരു കേസും പിണറായിക്കെതിരെ ഇല്ല. കേസില്ലാതെ എങ്ങനെ അദ്ദേഹത്തെ അറസ്റ്റു ചെയ്യും. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിനായി ഡൽഹിയിൽ എത്തിയ എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിലൂടെയാണ് അൻവറിനെതിരെ ആഞ്ഞടിച്ചത്.

പിണറായിക്കെതിരെയുള്ള നീക്കമെല്ലാം രാഷ്ട്രീയ വേലയാണ്. അതിനെ രാഷ്ട്രീയമായി നേരിടേണ്ടതുണ്ട്. പിണറായിയെ അറസ്റ്റ് ചെയ്യണമെങ്കിൽ എഫ്ഐആർ വേണം. അങ്ങനെ എഫ്ഐആർ ഇല്ല. പിന്നെ എങ്ങനെ അറസ്റ്റു ചെയ്യുമെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു. അൻവറിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

അൻവർ വലതുപക്ഷത്തിന്റെ കോടാലിയായി പ്രവർത്തിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ പാർട്ടിയെയും സർക്കാരിനെയും തകർക്കുന്നതിനായി കഴിഞ്ഞ കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവർക്ക് അനുകൂലമായ വാർത്താമാധ്യമങ്ങളും പ്രചാരണം നടത്തിവരുകയാണ്. അവരുടെ വക്കാലത്ത് ഏറ്റുപിടിച്ച് പുറപ്പെട്ടിരിക്കുകയാണ് പി.വി.അൻവറെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.

എം.വി.ഗോവിന്ദന്റെ വാക്കുകൾ

അൻവർ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായ സ്ഥിതിയാണുള്ളത്. അൻവറിന്റെ നിലപാടിനെതിരായി പാർട്ടിയെ സ്നേഹിക്കുന്ന ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണം. അൻവറിന്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും പരിശോധിച്ചാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സംവിധാനത്തെക്കുറിച്ച് അയാൾക്കു കാര്യമായ ധാരണയില്ലെന്നു വ്യക്തമാണ്. അൻവർ കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള കുടുംബത്തിൽനിന്നു വന്നയാളാണ്. കെ.കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോഴാണ് അദ്ദേഹം കോൺഗ്രസ് വിട്ടത്. ഡിഐസി കോൺഗ്രസിൽ ചേർന്നപ്പോൾ അദ്ദേഹം തിരിച്ചുപോയില്ല. സാധാരണ പാർട്ടിക്കാരുടെ വികാരം ഉൾക്കൊണ്ടു പ്രവർത്തിക്കുമെന്നാണ് അൻവർ പറഞ്ഞത്. എന്നാൽ പ്രവർത്തനം അങ്ങനെയല്ലെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രം തെളിയിക്കുന്നു.

കോൺഗ്രസിനൊപ്പമായിരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു എംഎൽഎ പോലും ആകാനായിട്ടില്ല. വർഗ,ബഹുജന പ്രസ്ഥാനത്തിലോ അതിന്റെ ഭാരവാഹിയായോ ഇന്നുവരെ പ്രവർത്തിച്ചിട്ടില്ല. സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി അംഗം എന്ന നിലയിൽ മാത്രമാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയമായി ബന്ധമുള്ള പ്രധാനപ്പെട്ട വേദികളിലൊന്നും അദ്ദേഹം പ്രവർത്തിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പാർട്ടിയുടെ പ്രവർത്തനത്തെക്കുറിച്ചും സംഘടനാരീതികളെക്കുറിച്ചും അദ്ദേഹത്തിന് അറിവില്ല.

എല്ലാവരുടെയും പരാതികളും ആവലാതികളും പരിശോധിക്കുക എന്നത് പാർട്ടിയുടെ നയമാണ്. ജനങ്ങളുടെ പരാതികൾ പരിശോധിച്ച് പരിഹരിച്ചു മുന്നോട്ടുപോകുന്ന നയം തന്നെയാണ് സർക്കാരിന്റെയും. ഭരണതലത്തിലെ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞശേഷമാണ് അൻവർ പാർട്ടിയെ അറിയിച്ചത്. അത് ശരിയല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. പാർട്ടിയെ സംബന്ധിക്കുന്ന കാര്യങ്ങൾ പാർട്ടിയോടും സർക്കാരിനെ ബാധിക്കുന്ന കാര്യങ്ങൾ സർക്കാരിനെയും അറിയിക്കണം.

റിയാസിനെതിരെ അൻവർ ഫെയ്സ്‌ബുക് പോസ്റ്റിട്ടു. ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കെതിരെയും ആക്ഷേപം ഉയർത്തി. മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയരുന്നത് ആദ്യമല്ല. ഇംഎഎസ് മുതൽ വിഎസ് വരെയുള്ള മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം വന്നു. ചങ്ങലയ്ക്കിടയിലാണെന്നാണ് എനിക്കെതിരെ ആക്ഷേപം ഉയർന്നത്. ഇങ്ങനെയുള്ള ആക്ഷേപം വരാതിരുന്നാലാണ് അദ്ഭുതം. ഒറ്റയ്ക്കല്ല, കൂട്ടായാണ് പാർട്ടിയെ നയിക്കുന്നത്. ചില്ലിക്കമ്പാണെങ്കിൽ ചവിട്ടി അമർത്താം. ഒരു കെട്ടാണെങ്കിൽ എളുപ്പമാകില്ല. അതുപോലെയാണ് കമ്യൂണിസ്റ്റ് പാർട്ടി. പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ അൻവറല്ല, ആരു ശ്രമിച്ചാലും നടക്കില്ല. ഫോൺ ചോർത്തൽ ഗൗരവമുള്ള വിഷയമാണ്. അതേക്കുറിച്ച് നല്ല രീതിയിൽ അന്വേഷണം നടക്കും.

എഡിജിപി എം.ആർ.അജിത്കുമാറിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനും പാർട്ടിക്കുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എഡിജിപിക്കെതിരായ ആരോപണങ്ങളെല്ലാം അന്വേഷിക്കുകയാണ്. അന്വേഷണം പൂർത്തിയായാൽ ആവശ്യമായ നടപടി സ്വീകരിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here