ഡോ. വന്ദന ദാസ് കൊലപാതകം; പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം

Advertisement

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അഭിഭാഷകന്‍ ബി.എ. ആളൂര്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും. പ്രതി സന്ദീപിനായി അഭിഭാഷകരായ സച്ചിന്‍ പൊഹ്വാ, ആര്‍ പി ഗോയല്‍, ആര്‍ വി ഗ്രാലന്‍ എന്നിവര്‍ ഹാജരായി.
സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഈ മാസം ആദ്യം സുപ്രീംകോടതി തള്ളിയിരുന്നു. വിടുതല്‍ ഹര്‍ജി ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതിയുടെ ജാമ്യാപേക്ഷയില്‍ സംസ്ഥാനത്തിന് നോട്ടീസ് നല്‍കിയിരുന്നു. വിടുതല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീംകോടതി പറഞ്ഞു. കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ.വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന് പ്രതിഭാഗം വാദിച്ചു.