വെറുക്കപ്പെട്ടവനെതിരെ സിപിഎം,കൊടുങ്കാറ്റ് കൊയ്ത് അന്‍വര്‍

Advertisement

മലപ്പുറം. പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് നേതൃത്വം പ്രഖ്യാപിച്ചതോടെ മലപ്പുറത്ത് പി വി അൻവറിനെതിരെ പ്രകടനങ്ങളുമായി സിപിഎം. പി വി അൻവറിന്റെ തട്ടകമായ നിലമ്പൂരിൽ ഭീഷണി മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ പി വി അൻവറിന്റെ കോലം കത്തിച്ചു. ഇതേസമയം താൻ ആരോപണമുന്നയിച്ച ഗോൾഡ് അപ്രൈസർ ഉണ്ണിയുടെ കൊണ്ടോട്ടിയിലെ വസതിയിലേക്കാണ് പി വി അൻവർ പോയത്.

ഈയടുത്ത കാലം വരെ പി വി അൻവറിനോട് തോളോട് തോൾ ചേർന്നവർ അൻവറിനെ തള്ളിപ്പറയുകയാണ്. ബന്ധം അവസാനിപ്പിച്ചതോടെ പി വി അൻവറിനെതിരെ മലപ്പുറത്ത് സിപിഐഎം പ്രവർത്തകർ തെരുവിലിറങ്ങി. ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു അൻവറിനെതിരെ പ്രകടനങ്ങൾ. നിലമ്പൂരിൽ പി വി അൻവറിനെതിരെ ഭീഷണി മുദ്രാവാക്യങ്ങളുയർന്നു. പി വി അൻവറിന്റെ കോലവും കത്തിച്ചു.

ഇതേസമയം പി വി അൻവർ കസ്റ്റംസിൻ്റെയും പൊലീസിൻ്റെയും അംഗീകൃത ഗോൾഡ് അപ്രൈസർ ഉണ്ണിയുടെ കൊണ്ടോട്ടിയിലെ വീടും വിവിധ സ്ഥലങ്ങളിൽ വാങ്ങിയ ഭൂമിയും മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. മൂന്നുവർഷംകൊണ്ട് ഉണ്ണിയ്ക്ക് എങ്ങനെ കോടികളുടെ സ്വത്തുണ്ടാക്കാൻ കഴിഞ്ഞുവെന്ന് അൻവർ ചോദിച്ചു.

താൻ ഉന്നയിച്ച ആരോപണങ്ങളിൽ പൊതുജന അഭിപ്രായം തേടാനാണ് പി വി അൻവറിന്റെ തീരുമാനം. ഗൂഗിൾ ഫോമിലൂടെ ഏഴ് ചോദ്യങ്ങൾക്ക് ജനങ്ങൾക്ക് അഭിപ്രായമറിയിക്കാമെന്ന് പി വി അൻവർ പറയുന്നു. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നോ? കേസുകൾ പൊലീസ് അട്ടിമറിച്ചോ? പൊലീസിനെതിരെ വെളിപ്പെടുത്തിയ കാര്യങ്ങൾ വിശ്വസിക്കുന്നുണ്ടോ ?രാഷ്ട്രീയ നേതാക്കൾ തമ്മിൽ അവിശുദ്ധ ബന്ധമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് പി വി അൻവർ ഉന്നയിച്ചത്.