ലെപ്രസി സാനിറ്റോറിയം വളപ്പിൽ തന്നെ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കണം – കൊടിക്കുന്നിൽ സുരേഷ് എംപി

Advertisement

നൂറനാട്. 27 ബറ്റാലിയൻ ഐടിപി ക്യാമ്പിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിനായി അധികമായി ആവശ്യമുള്ള 1.73 ഏക്കർ ഭൂമി സാനിട്ടോറിയം വളപ്പിൽ തന്നെ അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

നൂറനാട് ഐടി ബി പി ക്യാമ്പിൽ സന്ദർശിച്ച എംപിയോട് നിലവിൽ ക്യാമ്പിൽ നടക്കുന്ന പ്രവർത്തനങ്ങൾ, പുതിയതായി ആരംഭിക്കാനിരിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിന്റെ നിലവിലത്തെ അവസ്ഥ തുടങ്ങിയ കാര്യങ്ങൾ ബറ്റാലിയൻ കമാൻഡൻഡ് വിവേക് പാണ്ഡെ വിശദീകരിച്ചു.

കേന്ദ്രീയ വിദ്യാലയത്തിനായി അധികമായി ആവശ്യമുള്ള ഭൂമി നിലവിൽ സർക്കാർ അനുവദിച്ചിരിക്കുന്നത് ഒരുതരത്തിലും അനുയോജ്യമായ ഭൂമിയല്ലെന്ന് സ്ഥലം സന്ദർശിച്ച ശേഷം കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. നിലവിൽ അനുവദിച്ചിരിക്കുന്ന സ്ഥലത്തിന്റെ അനുയോജ്യത സംബന്ധിച്ച് വിശദമായ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കുവാൻ സെൻട്രൽ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റ്, കേന്ദ്രീയ വിദ്യാലയം റീജിയണൽ ഓഫീസ് എറണാകുളം എന്നിവർക്ക് നിർദ്ദേശം നൽകുമെന്ന് എംപി അറിയിച്ചു. അതോടൊപ്പം കേന്ദ്രീയ വിദ്യാലയത്തിന്റെ വികസനത്തിനായി നിലവിൽ ഐടിബിപി ക്യാമ്പിലുള്ള സ്ഥലത്തോട് ചേർന്നുള്ള അനുയോജ്യമായ സ്ഥലവും എംപി സന്ദർശിച്ചു.

80 ശതമാനത്തോളം പ്രാദേശികമായി കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കുന്ന ഐടിബിപി ബറ്റാലിയനിലെ വരാനിരിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിന് അധികമായി ആവശ്യമായ അനുയോജ്യമായ ഭൂമി സംസ്ഥാന സർക്കാർ അനുവദിക്കാതെ ലെപ്രസി സാനിറ്റോറിയം വളപ്പിൽ തന്നെ കൃഷ്ണപിള്ള സ്മാരകത്തിനും കക്കൂസ് മാലിന്യ പ്ലാന്റിനും സാമൂഹിക ക്ഷേമ വകുപ്പിനും ഭൂമി അനുവദിക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം നാട്ടിലെ യുവജനതയോടുള്ള വെല്ലുവിളിയാണ്. സർക്കാർ ഈ തീരുമാനം പുന പരിശോധിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. അനുയോജ്യമായ ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി. അനുകൂലമായ തീരുമാനം ഉണ്ടാകാത്തപക്ഷം അനുയോജ്യമായ സ്ഥലം ലഭ്യമാക്കുവാൻ നിയമപരമായ വഴികൾ തേടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐടിബിപി ക്യാമ്പിൽ നടന്ന അവലോകനയോഗത്തിലും സ്ഥല സന്ദർശനത്തിലും ഐടിബിപി 27 ബെറ്റാലിയൻ കമാൻഡൻഡ് വിവേക് പാണ്ഡെ, ചെങ്ങന്നൂർ ആർഡിഒ മോബി ജെ , താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി വേണു, പി ബി ഹരികുമാർ, തൻസീർ കണ്ണനാകുഴി, ഐടിബിപി, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.