ചേതനയറ്റ് അർജുൻ എത്തി, കണ്ണാടിക്കൽ ജനസാഗരം

Advertisement

കോഴിക്കോട്: കണ്ണാടിക്കൽ എന്ന നാടിനെ കണ്ണീർ കടലാക്കി പ്രീയപ്പെട്ടവരുടെ നടുവിലേക്ക് ചേതനയറ്റ് ഒടുവിൽ അർജുൻ എത്തി.75 ദിനങ്ങൾ നീണ്ട പ്രാർത്ഥനകൾക്കും കാത്തിരിപ്പുകൾക്കുമൊടുവിലാണ് അർജുൻ അന്ത്യയാത്രയ്ക്കായി സ്വഭവനത്തിൽ എത്തിയത്.
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന് വിട നൽകാനുള്ള ഒരുക്കങ്ങൾളിലാണ് നാട്.
പരിശോധനയ്ക്ക് ശേഷം ഇന്നലെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.ഇപ്പോൾ വീട്ടിലെ പൊതുദർശനത്തിനായി മൃതദേഹം വീടിന് മുന്നിൽ തയ്യാറാക്കിയ പന്തലിലേക്ക്‌ മാറ്റി.
വീട്ടിലെ പൊതുദർശനത്തിന് മൃതദേഹം ശേഷം സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. കുടുംബത്തിന്റെ ആഗ്രഹ പ്രകാരം വീട്ടുവളപ്പിൽ തന്നെയാണ് മൃതദേഹം സംസ്‌കരിക്കുക.

ഇന്നലെ കർണാടകയിൽ നിന്നും പുറപ്പെട്ട വിലാപയാത്രയെ കോഴിക്കോട് വരെ കാർവാർ പൊലീസും അനുഗമിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തലപ്പാടി ചെക്ക് പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത്. മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഷ്, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ, കർണാകടയിലെ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ അടക്കമുള്ളവർ വിലാപയാത്രയ്ക്ക് ഒപ്പമുണ്ടായിരുന്നു.
പൂളാടിക്കുന്നിൽ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിലാപയാത്ര. ലോറിയുടെ കാബിനിൽ നിന്നും ലഭിച്ച അർജുന്റെ ഫോണും പേഴ്സും വാച്ചും അടക്കമുള്ളവ ആംബുലൻസിന് പിന്നാലെ കാറിലാണ് കൊണ്ടുവന്നു. ആദ്യം വീടിനുള്ളിൽ ബന്ധുക്കൾക്ക് മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അർപ്പിക്കാൻ മൃതദേഹം വിട്ടുനൽകി.പ്രീയപ്പെട്ടൻ്റെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന വീട്ടിനുള്ളിലും പുറത്തും സങ്കടപ്പെടുത്തുന്ന കാഴ്ചയാണ് കാണാനാവുക.

Advertisement