അന്‍വര്‍, നിങ്ങളുടെ ഇന്നത്തെ അവസ്ഥയില്‍ സത്യത്തില്‍ സഹതാപമുണ്ട്, ആര്‍ക്കൊപ്പം നില്‍ക്കരുത് എന്നതിന് താങ്കളുടെ ഈ അനുഭവം പലര്‍ക്കും ഒരു പാഠമാവട്ടെ

Advertisement

പാലക്കാട്: പി.വി. അന്‍വര്‍ എം.എല്‍.എക്ക് തന്റെ അനിവാര്യമായ പതനത്തേക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാതെ വന്നിരിക്കാമെന്നും അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ സത്യത്തില്‍ സഹതാപമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് വി.ടി.

ബല്‍റാം. ആര്‍ക്കൊപ്പം നില്‍ക്കരുത് എന്നതിന് അന്‍വറിന്റെ ഈ അനുഭവം പലര്‍ക്കും ഒരു പാഠമാവട്ടെയെന്നും അദ്ദേഹത്തിന്റെ സുരക്ഷിതത്വത്തിനായി പ്രത്യേകം ആശംസകള്‍ നേരുന്നുവെന്നും ബല്‍റാം ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഏതാനും വര്‍ഷം മുന്‍പ് മേയ് ദിനത്തില്‍ വിവാദമായ അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന്റെ ചിത്രമിട്ട് സിപിഎമ്മിനെ വിമര്‍ശിച്ച അന്നുമുതല്‍ അന്‍വറിനെ സംബന്ധിച്ച് താന്‍ അയാളുടെ ശത്രുവായതാണെന്ന് ബല്‍റാം ഓര്‍മിപ്പിച്ചു. പിന്നീടങ്ങോട്ട് അധിക്ഷേപിച്ചും പരിഹസിച്ചും അധമഭാഷയില്‍ അന്‍വര്‍ നടത്തിയ നിരവധി സൈബര്‍ അറ്റാക്കുകള്‍ ഇന്നും അയാളുടെ ഫേസ്ബുക്ക് പേജിലുണ്ട്. അന്‍വറിന്റെയും അയാളുടെ പേജ് കൈകാര്യം ചെയ്യുന്നവരുടേയും നിലവാരവും ഉദ്ദേശ്യവും മനസ്സിലായതുകൊണ്ട് ആദ്യത്തെ ഒന്നുരണ്ട് അവസരത്തിലല്ലാതെ അയാളോട് നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ അയാളുടെ നിയമലംഘനങ്ങള്‍ നിയമസഭക്കകത്തും പുറത്തും ചര്‍ച്ചയായി ഉയര്‍ത്താന്‍ മടിച്ചിട്ടുമില്ല.

സത്യത്തില്‍ ഇന്നത്തെ ഈ രാത്രി എന്റെ മനസ്സ് പി.വി.അന്‍വറിനൊപ്പമാണ്. അറ്റ്‌ലീസ്റ്റ് ആ മനുഷ്യന്‍ ഇപ്പോള്‍ കടന്നുപോകുന്നുവെന്ന് പ്രതീക്ഷിക്കപ്പെടുന്ന മാനസികാവസ്ഥ സങ്കല്‍പ്പിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ഇതല്ല ഇതിനപ്പുറം അയാള്‍ അര്‍ഹിക്കുന്നുണ്ട് എന്ന ചിന്തയും ഈഗോയും ഞാന്‍ തല്‍ക്കാലത്തേക്കെങ്കിലും മാറ്റിവയ്ക്കുകയാണ്.

പിന്‍വാതിലിലൂടെയാണെങ്കിലും സിപിഎമ്മിലേക്ക് കടന്നുവന്ന കാലം മുതല്‍ ഈയടുത്ത ദിവസം വരെ ഏത് ‘സാധാരണ സിപിഎം പ്രവര്‍ത്തകരെ’ക്കുറിച്ചാണോ അന്‍വര്‍ ആണയിട്ടിരുന്നത്, വാ തോരാതെ വാഴ്ത്തിയിരുന്നത്, അവരെ ഉത്തേജിപ്പിച്ച് സ്വയം ആവേശഭരിതനായിരുന്നത്, സ്വന്തം നാട്ടിലെ ആ പ്രിയപ്പെട്ട പ്രവര്‍ത്തകരാണ് ഇന്ന് നടുറോട്ടില്‍ നിരന്നുനിന്ന് അന്‍വറിനെ എമ്‌ബോക്കി എന്നും മറ്റും തെറിവിളിക്കുന്നത്, കയ്യും കാലും വെട്ടിയരിഞ്ഞ് ചാലിയാറില്‍ തള്ളുമെന്ന് വധഭീഷണി മുഴക്കുന്നത് -ബല്‍റാം ചൂണ്ടിക്കാട്ടി.

കുറിപ്പിന്റെ പൂര്‍ണരൂപം:

പിന്‍വാതിലിലൂടെയാണെങ്കിലും സിപിഎമ്മിലേക്ക് കടന്നുവന്ന കാലം മുതല്‍ ഈയടുത്ത ദിവസം വരെ ഏത് ‘സാധാരണ സിപിഎം പ്രവര്‍ത്തകരെ’ക്കുറിച്ചാണോ അന്‍വര്‍ ആണയിട്ടിരുന്നത്, വാ തോരാതെ വാഴ്ത്തിയിരുന്നത്, അവരെ ഉത്തേജിപ്പിച്ച് സ്വയം ആവേശഭരിതനായിരുന്നത്, സ്വന്തം നാട്ടിലെ ആ പ്രിയപ്പെട്ട പ്രവര്‍ത്തകരാണ് ഇന്ന് നടുറോട്ടില്‍ നിരന്നുനിന്ന് അന്‍വറിനെ എമ്‌ബോക്കി എന്നും മറ്റും തെറിവിളിക്കുന്നത്, കയ്യും കാലും വെട്ടിയരിഞ്ഞ് ചാലിയാറില്‍ തള്ളുമെന്ന് വധഭീഷണി മുഴക്കുന്നത്.

അവരില്‍ മിക്കവരും ഒരുപക്ഷേ മിനിഞ്ഞാന്ന് വരെ അന്‍വറിന് പിന്തുണയറിയിച്ചവരായിരിക്കാം, നെറികേടുകള്‍ക്കെതിരെ പോരാടാന്‍ ഞങ്ങള്‍ക്ക് നിങ്ങളേയുള്ളൂ അമ്ബൂക്കാ എന്ന് പറഞ്ഞ് പിരികേറ്റിയവരായിരിക്കാം, അതിനപ്പുറം പണമായും സേവനമായും അന്‍വറിന്റെ വ്യക്തിപരമായ സൗജന്യം ഏറെ കൈപ്പറ്റിയവരായിരിക്കാം, എന്നിട്ടും ഇന്നവര്‍ അന്‍വറിനു നേരെ തെരുവില്‍ അട്ടഹസിക്കുകയാണ്. ആള്‍ക്കൂട്ട വയലന്‍സിന്റെ ആ ക്രൗര്യം അയാള്‍ക്കു നേരെ പകയോടെ ആര്‍ത്തലക്കുകയാണ്.

ഇനിയെങ്കിലും പി വി അന്‍വര്‍, നിങ്ങള്‍ തിരിച്ചറിയണം, നിങ്ങള്‍ ഭാഗമായിരുന്ന ആ ആള്‍ക്കൂട്ടം ലോകം ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും അക്രമോത്സുകമായ, ജനാധിപത്യ വിരുദ്ധമായ, മനുഷ്യവിരുദ്ധമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ സൃഷ്ടിയാണെന്ന്.

നേരിയ വിയോജിപ്പ് പോലും സഹിക്കാനാവാത്ത സോഷ്യല്‍ ഫാഷിസമാണ് നിങ്ങള്‍ ഇപ്പോഴും കാല്‍പ്പനികവല്‍ക്കരിക്കുന്ന ആ കമ്മ്യൂണിസമെന്ന്.

അണികളെ ആവേശം കൊള്ളിക്കാനാണെങ്കിലും സ്ഥാനത്തും അസ്ഥാനത്തും നിങ്ങള്‍ പൊക്കിപ്പിടിച്ച ആ ചെങ്കൊടി സമഗ്രാധിപത്യത്തിന്റെ ഇരകളായ മില്യണ്‍ കണക്കിന് നിരപരാധികളുടെ ഹൃദയരക്തത്താല്‍ പങ്കിലമാണെന്ന്.

ഇരുമ്ബുമറകള്‍ക്കുള്ളില്‍ അടിച്ചമര്‍ത്തപ്പെടുന്നത് നീതിയും അഭിപ്രായ, ആവിഷ്‌ക്കാര സ്വാതന്ത്ര്യങ്ങളുമാണെന്ന്.

പരമോന്നത നേതാവിന്റെ പ്രീതി നഷ്ടപ്പെട്ടാല്‍ അര നിമിഷം അതിനകത്ത് തുടരാനാവില്ലെന്ന്.

പുറത്തുപോവുന്ന ആ നിമിഷം മുതല്‍ നിങ്ങളവര്‍ക്ക് കുലംകുത്തിയും വര്‍ഗവഞ്ചകനുമാണെന്ന്.

വ്യക്തിപരമായ ഒരു സൗമനസ്യവും അക്കൂട്ടത്തിലെ ആരില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന്.

ഏതാനും വര്‍ഷം മുന്‍പ് ഒരു മെയ് ദിനത്തില്‍ ഒരുപാട് നിയമലംഘനങ്ങളുടെ പേരില്‍ വിവാദമായ അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന്റെ ചിത്രമിട്ട് ഞാന്‍ സിപിഎമ്മിനെ വിമര്‍ശിച്ചിരുന്നു. തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന പേരില്‍ അഭിമാനിക്കുന്ന സിപിഎം അന്‍വറിനേപ്പോലെ ഷേഡി സ്വഭാവമുള്ള ഒരു മുതലാളിക്ക് വേണ്ടി നടത്തുന്ന തരംതാണ പ്രവൃത്തികളേക്കുറിച്ചുള്ള ഒരു രാഷ്ട്രീയ വിമര്‍ശനമായിരുന്നു അത്. എന്നാല്‍ അന്‍വര്‍ അത് വ്യക്തിപരമായാണ് എടുത്തത്. അന്നുമുതല്‍ അന്‍വറിനെ സംബന്ധിച്ച് ഞാനയാളുടെ ശത്രുവുമാണ്.

പിന്നീടങ്ങോട്ട് എന്നെക്കുറിച്ച് അധിക്ഷേപിച്ചും പരിഹസിച്ചും അധമഭാഷയില്‍ അന്‍വര്‍ നടത്തിയ നിരവധി സൈബര്‍ അറ്റാക്കുകള്‍ ഇന്നും അയാളുടെ ഫേസ്ബുക്ക് പേജിലുണ്ട്. അന്‍വറിന്റെയും അയാളുടെ പേജ് കൈകാര്യം ചെയ്യുന്നവരുടേയും നിലവാരവും ഉദ്ദേശ്യവും മനസ്സിലായതുകൊണ്ട് ആദ്യത്തെ ഒന്നുരണ്ട് അവസരത്തിലല്ലാതെ ഞാനയാളോട് നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ അയാളുടെ നിയമലംഘനങ്ങള്‍ നിയമസഭക്കകത്തും പുറത്തും ചര്‍ച്ചയായി ഉയര്‍ത്താന്‍ മടിച്ചിട്ടുമില്ല.

അന്‍വറിന് പിന്നീട് ഓരോ കാലത്തും ഓരോ പ്രഖ്യാപിത ശത്രുക്കളുണ്ടായി. അന്‍വര്‍ തന്നെ ചെസ്റ്റ് നമ്ബറിട്ട ചില സാമൂഹ്യ വിരുദ്ധര്‍ക്കെതിരെയുള്ള ‘പോരാട്ട’ങ്ങള്‍ക്ക് സ്വാഭാവികമായ ചില കയ്യടികള്‍ കിട്ടി. എന്നാല്‍ അതിനൊപ്പം എതിര്‍ ചേരിയില്‍ നില്‍ക്കുന്ന മുഴുവനാളുകള്‍ക്കുമെതിരെ ഒന്നിനു പിറകേ ഒന്നെന്ന നിലയില്‍ അന്‍വര്‍ ഹീനമായ വ്യക്തിഹത്യകള്‍ നടത്തിയപ്പോള്‍ സൈബര്‍ ലോകത്തെ അക്രമോത്സുകമായ കമ്മ്യൂണിസ്റ്റ് ആള്‍ക്കൂട്ടം അതിലൊരു പ്രയോജന സാധ്യത കണ്ടെത്തി. ബുദ്ധിശൂന്യരായ, എന്നാല്‍ അങ്ങേയറ്റം വയലന്റായ, ആ സൈബര്‍ കടന്നലുകളുടെ നേതാവായപ്പോള്‍ അയാള്‍ സ്വന്തം നിലമറന്നിരിക്കാം. സെര്‍വാന്റസിന്റെ സ്പാനിഷ് നോവലിലെ ഡോണ്‍ ക്വിഹോട്ടെയെപ്പോലെ കാറ്റാടിയന്ത്രങ്ങള്‍ക്ക് നേരെ യുദ്ധം ചെയ്യുന്ന സ്വന്തം അപഹാസ്യത അയാള്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ വന്നിരിക്കാം. അനിവാര്യമായ പതനത്തേക്കുറിച്ച് അയാള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാതെ വന്നിരിക്കാം.

എന്നാലും പി.വി. അന്‍വര്‍, നിങ്ങളുടെ ഇന്നത്തെ അവസ്ഥയില്‍ സത്യത്തില്‍ സഹതാപമുണ്ട്. ആര്‍ക്കൊപ്പം നില്‍ക്കരുത് എന്നതിന് താങ്കളുടെ ഈ അനുഭവം പലര്‍ക്കും ഒരു പാഠമാവട്ടെ എന്നാശംസിക്കുന്നു. താങ്കളുടെ സുരക്ഷിതത്വത്തിനായി പ്രത്യേകം ആശംസകള്‍ നേരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here