നോവായ് …,തീയായ് അർജുൻ മടങ്ങി

Advertisement

കോഴിക്കോട്: ഇനി ഒരിക്കലും തിരികെയില്ലെന്ന് ഓർമ്മപ്പെടുത്തി, പ്രീയപ്പെട്ടവരുടെ ഉള്ളിൽ നോവായി മണ്ണിലേക്കുള്ള മടക്കത്തിൽ അർജുനെ അഗ്നി ഏറ്റുവാങ്ങി.
അര്‍ജുൻ ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും. ഒരു നാടിന്‍റെയാകെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങുമ്പോൾ വേദന തീ നാളങ്ങൾ തീർത്ത ഓർമ്മയായി.
ആയിരങ്ങളുടെ സാന്നിധ്യത്തില്‍ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു.11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തുമ്പോൾ കണ്ണാടിക്കൽ എന്ന നാട് അക്ഷരാർത്ഥത്തിൽ കണ്ണീരണിഞ്ഞു.

കണ്ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ മൃതദേഹം ഇന്ന് രാവിലെയാണ് വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളും നാട്ടുകാരും അവസാനമായി അർജുന് അന്ത്യാഞ്ജലി അർപ്പിച്ചു.

മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച്‌ വിലാപയാത്ര 9.30 തോടെ കണ്ണാടിക്കലിലെ ‘അമരാവതി’ എന്ന വീടിനരികിലേക്ക് എത്തിയത്. അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലൻസിനെ അനുഗമിച്ച്‌ പുരുഷാരം ഒഴുകിയെത്തി. മുദ്രാവാക്യം വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച്‌ സമയം അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കാൻ സമയം നല്‍കി. പിന്നീട് നാട്ടുകാർക്കും അർജുന് ആദരമർപ്പിക്കാനായി പല നാടുകളില്‍ നിന്നെത്തിയവർക്കുമായി പൊതുദർശനം നടന്നു.രാഷ്ട്രീയ സാമൂഹ്യ മേഖകളിൽ നിന്നടക്കം ജീവിതത്തിൻ്റെ നാനാതുറകളിൽപ്പെട്ടവർ പ്രീയ അർജുന് അന്തിമാഭിവാദനം അർപ്പിക്കാൻ എത്തിയിരുന്നു.