കൊച്ചി. എടിഎം കൊള്ളക്കാരുടെ വൈദഗ്ധ്യം വിദേശത്തെ കൊള്ളസംഘങ്ങളുടേതിന് സമാനം. മാപ്രാണം, നായ്ക്കനാല്‍, കോലഴി എന്നിവിടങ്ങളിലെ എസ്ബിടി എടിഎം കൗണ്ടറുകളില്‍ കവര്‍ച്ചയ്ക്കെത്തിയ ‘സംഘം’ പ്രായോഗിക പരിശീലനം നേടിയവരെന്ന് പൊലീസ്.
ഉപയോഗശൂന്യമായ എടിഎം ബാങ്കുകളില്‍ നിന്ന് ലേലംവിളിച്ചെടുത്ത് ഹരിയാനയിലെ മേവാത്തില്‍ എത്തിച്ച് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് കൊള്ളസംഘം പരിശീലനം നേടിയിരുന്നെന്നും പൊലീസ് കണ്ടെത്തി.
എല്ലാത്തരം ഗ്യാസ് കട്ടറും ഉപയോഗിച്ച് എടിഎം തകര്‍ക്കാനാവില്ല. ഏറ്റവും പ്രഹരശേഷിയുള്ളതും എളുപ്പം ഉപയോഗിക്കാവുന്നതുമായ ഗ്യാസ് കട്ടര്‍ നേടിയാവും പരിശീലനം നേടതിയതെന്ന് സംശയിക്കുന്നു. പത്തുമിനിറ്റില്‍ ക്യാഷ് ട്രേ പുറത്തെടുക്കാവുന്ന നിലയില്‍ മികവുറ്റ പരിശീലനമാണ് നടത്തിയത്.
23.4 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലെ 3 എടിഎം കൗണ്ടറുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് 69 ലക്ഷം രൂപ കവരാന്‍ വേണ്ടി വന്നത് ഒരു മണിക്കൂറും 48 മിനിറ്റും മാത്രമാണ്. മാപ്രാണത്തുനിന്നും നായ്ക്കനാലിലും അവിടെ നിന്ന് കോലാഴിയിലുമെത്തി കവര്‍ച്ച നടത്തിയ ശേഷം ഊടുവഴികളിലൂടെ ദേശീയപാതയോരത്ത് എത്താനും അവിടെ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയില്‍ കാര്‍ കയറ്റി കടന്നുകളയാനുമുള്ള പദ്ധതിക്ക് പിന്നില്‍ ദിവസങ്ങള്‍ നീണ്ട ആസൂത്രണമുണ്ടെന്നാണ് സൂചന. യാത്രയുടെ റിഹേഴ്സല്‍ നടത്തിയിരിക്കാനുളള സാധ്യതയും പൊലിസ് തള്ളുന്നില്ല.
എടിഎം തകര്‍ക്കാന്‍ പരിശീലനം നേടിയ ഇരുന്നൂറോളം പേരാണ് മേവാത്തി ഗ്യാങ്ങിലുള്ളത്. പത്തുപേരില്‍ താഴെയുള്ള സംഘങ്ങളായി സഞ്ചരിച്ചാണ് കവര്‍ച്ച നടത്തുന്നത്. വ്യവസായ മേഖലകള്‍ ഉള്‍പ്പെടുന്ന മോവാത്തില്‍ നിന്നും ദക്ഷിണേന്ത്യയിലേക്കടക്കം ഒട്ടേറെ ട്രക്കുകള്‍ ദിനംപ്രതി സഞ്ചരിക്കുന്നുണ്ട്. ഇവ മിക്കപ്പോഴും മടങ്ങുന്നത് കാലിയായിട്ടാണ്. ഇത്തരം ട്രക്കുകളുടെ ഡ്രൈവര്‍മാരുമായി മേവാത്തി ഗ്യാങ്ങിന് അടുത്ത ബന്ധവും ഉണ്ട്.
മോഷ്ടിച്ച കാറുകളിലാണ് ഇവര്‍ എടിഎം കവര്‍ച്ചയ്ക്ക് ഇറങ്ങുക. മേവാത്തില്‍ നിന്നുള്ള ട്രക്ക് ഈ സമയത്ത് മേഖയലിലുണ്ടെങ്കില്‍ കാത്തുനില്‍ക്കേണ്ട സ്ഥലവും സമയവും ഡ്രൈവറെ അറിയിക്കും. മോഷണത്തിനുശേഷം പറഞ്ഞ സ്ഥലത്തെത്തി കാര്‍ ട്രക്കില്‍ കയറ്റി സ്ഥലം വിടും. കാര്‍ കേന്ദ്രീകരിച്ചാകും പൊലീസ് അന്വേഷണമെന്നതിനാല്‍ പിടിയിലാകാതെ അതിര്‍ത്തി കടക്കും. തോക്കുമായി സഞ്ചരിക്കുന്ന മേവാത്തി ഗ്യാങ് അപകടം മണത്താല്‍ ഇത് ഉപയോഗിക്കാനും മടിക്കില്ല. ഗ്യാങ്ങിന്റെ തലവനായ യൂസഫ് റാഷിദിനെ ഈയിടെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. തോക്കും നാലുവെടിയുണ്ടകളും ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു.
പ്രൊഫഷണല്‍ എടിഎം കൊളളക്കാരായ ഇവര്‍ ബ്രെസ ഗ്യാങ്ങ് എന്നും അറിയിപ്പെടുന്നു. ഹരിയാന- രാജസ്ഥാന്‍ അതിര്‍ത്തിയിലെ മേവാത്തില്‍ നിന്നും രാജ്യമാകെ സഞ്ചരിച്ച് എടിഎം കൗണ്ടറുകളില്‍ നിന്ന് ഇവര്‍ കവര്‍ന്നത് കോടികളാണ്.
ഇത്തരം വിദഗ്ധസംഘങ്ങളെ സാധാരണ സാമ്പ്രദായിക അന്വേഷണത്തിലോ പോരാട്ടത്തിലോ കിട്ടാനിടയില്ലെന്നത് മുന്‍ സംഭവങ്ഹള്‍ തെളിയിക്കുന്നു.ആധുനിക കവര്‍ച്ചക്കാര്‍ക്കെതിരെ പൊലീസ് കൂടുതല്‍ സജ്ജരാകേണ്ടതിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.