ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടന്. ഫൈനലിൽ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വിയപുരം , നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ, കുമരകം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ വള്ളങ്ങളെ മറികടന്നാണ് കാരിച്ചാലിന്റെ വിജയം.
ഹീറ്റ്സ് മത്സരങ്ങളിൽ റെക്കോഡ് സമയം കുറിച്ചാണ് കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തിയത്. നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ മികച്ച സമയമാണ് ഹീറ്റ്സിൽ പി ബി സി ഫൈനൽ യോഗ്യത ഉറപ്പിച്ചത്. 4.14.35 മിനിറ്റിലായിരുന്നു ഫിനിഷിങ്.
5 ഹീറ്റ്സ് മത്സരങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുത്തത്. ഒന്നാം ഹീറ്റ്സ് മത്സരത്തിൽ കൊല്ലം ജീസസ് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടൻ ജേതാക്കളായി. രണ്ടാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടനും മൂന്നാം ഹീറ്റ്സിൽ യുബിസി കൈനകരിയുടെ തലവടി ചുണ്ടനും ജേതാക്കളായി. നാലാം ഹീറ്റ്സിൽ വിബിസി കൈനകരിയുടെ വിയപുരം ചുണ്ടൻ ഒന്നാമതെത്തി. ഹീറ്റ്സ് അഞ്ചിൽ കാരിച്ചാൽ ചുണ്ടനും ഒന്നാമതെത്തി.
അതേസമയം ലൂസേഴ്സ് ഫൈനലിൽ തലവടി ചുണ്ടൻ വിജയി ആയി. രണ്ടാം ലൂസേഴ്സ് ഫൈനലിൽ വലിയ ദിവാൻജിയും മൂന്നാം ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് പാണ്ടി ചുണ്ടനും ജേതാക്കളായി.
ഓഗസ്റ്റ് 10നാണ് വള്ളംകളി നടക്കേണ്ടിയിരുന്നത്. എന്നാൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളി മാറ്റി വയ്ക്കുകയായിരുന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനായിരുന്നു കഴിഞ്ഞ വർഷത്തെ ജേതാവ്. കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനു ആറ് മില്ലി സെക്കൻഡ് വ്യത്യാസത്തിലാണു കപ്പ് നഷ്ടമായത്.
ഉച്ചയ്ക്കു രണ്ടിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് 70–ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്തു. പവിലിയനിലെ നെഹ്റു പ്രതിമയിൽ പുഷ്പാർച്ചനയോടെയായിരുന്നു തുടക്കം. ചടങ്ങിൽ മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. മന്ത്രി സജി ചെറിയാൻ മത്സരവും മന്ത്രി വി.എൻ.വാസവൻ മാസ്ഡ്രില്ലും ഫ്ലാഗ് ഓഫ് നിർവഹിച്ചു.
നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് ഇന്ന് ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി നൽകി കലക്ടർ ഉത്തരവിട്ടു. വെട്ടിക്കോട്ട് ആയില്യത്തോട് അനുബന്ധിച്ച് മാവേലിക്കര താലൂക്കിൽ നേരത്തേ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ജില്ല മുഴുവൻ അവധിയാണ്.