‘ഹൃദയത്തിൽ പിണറായി വാപ്പ തന്നെ; അത്രയും വിശ്വസിച്ചു, കണ്ണ് നിറഞ്ഞാണ് മുഖ്യമന്ത്രിയെ കണ്ടത്’

Advertisement

മലപ്പുറം: സിപിഎമ്മുമായി ഇടഞ്ഞ എംഎൽഎ പി.വി.അൻവറിന്റെ ആദ്യ രാഷ്ട്രീയ വിശദീകരണ യോഗം തുടങ്ങി. പുഷ്പനെ അനുസ്മരിച്ച് പ്രസംഗം തുടങ്ങിയ അൻവർ, എന്തിനും ഏതിനും മനുഷ്യനെ വർഗീയമായി കാണുന്ന കാലത്തിലേക്കു കേരളം നീങ്ങുകയാണെന്നു പറഞ്ഞു. അൻവറിന്റെ പ്രസംഗത്തിനായി കാത്തുനിന്ന പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് വിളികളുമായാണു യോഗസ്ഥലത്തേക്ക് വരവേറ്റത്.

സിപിഎമ്മിന്റെ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏര്യാ കമ്മിറ്റി അംഗവുമായിരുന്ന ഇ.എ. സുകു പൊതുസമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. യോഗം തുടങ്ങുന്നതിനു മണിക്കൂറുകൾ മുൻപു തന്നെ സമ്മേളന നഗരിയായ ചന്തക്കുന്ന് ബസ് സ്റ്റാൻഡിനു സമീപത്തെ ഗ്രൗണ്ട് നിറഞ്ഞിരുന്നു. നിലമ്പൂർ ജനതപ്പടി മുതൽ വെളിയന്തോട് വരെ നാല് കിലോമീറ്റർ ദൂരം റോഡ് പൊലീസ് നിയന്ത്രണത്തിലാണ്. ഗതാഗതം പല ഭാഗങ്ങളിലും തടസപ്പെട്ടു. സമ്മേളന നഗരിയിലും പരിസരങ്ങിലും നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

അൻവറിന്റെ വാക്കുകൾ

ഒരാൾ വിഷയം ഉന്നയിച്ചാൽ വിഷയത്തിനു പകരം അവന്റെ പേരാണ് നോക്കുന്നത്. എന്റെ പേര് അൻവർ എന്നായതുകൊണ്ട് മുസ്‍ലിം വർഗീയവാദിയാക്കാൻ ശ്രമിക്കുകയാണ്. ഈ രീതിയിൽ നിങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല. ഞാൻ 5 നേരം നമസ്കരിക്കുമെന്ന് പറഞ്ഞതാണ് ഇപ്പോഴത്തെ ചർച്ച. ഓം ശാന്തി, ആകാശത്തുള്ള കർത്താവ് ഭൂമിയിലുള്ള മനുഷ്യരെ അനുഗ്രഹിക്കട്ടെ, അസലാമു അലൈകും, ലാൽസലാം സഖാക്കളെ, ഇതെല്ലാം ഒന്നാണ്.

ബ്രീട്ടീഷുകാരോട് പോരാടി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുപാട് ത്യാഗം സഹിച്ച കുടുംബമാണ് എന്റേത്. ഇന്ത്യാ വിഭജനം നടക്കാതിരിക്കാൻ ധാരാളം സമ്പത്തു ചെലവഴിച്ച തറവാടാണ് എന്റേത്. ഒരുത്തന്റെ മുഖത്തുനോക്കി ഒരടിസ്ഥാനവുമില്ലാതെയാണ് വർഗീയവാദിയെന്നു പറയുന്നത്. ഇസ്‍ലാമിനെ മനസിലാക്കത്തതു കൊണ്ടാണ് അങ്ങനെ പറയുന്നത്. അന്യ മതസ്ഥാപനത്തെ നെറ്റിചുളിച്ച് നോക്കരുതെന്നാണു ഖുറാൻ പറയുന്നത്. ഇതാദ്യം പഠിക്കണം. ആർക്കുവേണ്ടിയാണോ പോരാട്ടം നടത്തിയത് അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനം.

എന്റെ നിലപാടുകൾ പറയാൻ പോവുകയാണ്. സർക്കാർ പരിപാടികളിൽ പ്രാർഥന ഒഴിവാക്കണമെന്നു നിരവധി തവണ പറഞ്ഞ കാര്യമാണ്. പാദം തൊട്ട് അര വരെ പ്ലാസ്റ്ററിട്ട വ്യക്തി പട്ടയ മേളയുടെ സദസിന്റെ മുന്നിൽ നിൽക്കുകയാണ്. ഈശ്വര പ്രാർഥന നടക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണം. ഈശ്വര പ്രാർഥന ഒഴിവാക്കണമെന്നു നിയമസഭയിൽ എഴുതിക്കൊടുത്തു. സർക്കാർ ചടങ്ങുകളിൽ ഒരു പ്രാർഥനയും ഉണ്ടാകരുതെന്നാണ് അഭിപ്രായം. ബാങ്ക് വിളിക്കുന്നതിൽ സാമുദായിക നേതാക്കൾ ഇടപെടണം. ബാങ്ക് വിളിയുടെ സമയം ഒന്നാക്കാൻ വേണ്ടിയെങ്കിലും മുജാഹിദും സുന്നിയും മറ്റുള്ളവരുമൊക്കെ ഒന്നിക്കണം.

വർഗീയവാദിയാക്കി ചാപ്പ കുത്താൻ എളുപ്പമാണ്. പറഞ്ഞു പറഞ്ഞു തന്നെ മുന്നോട്ടുപോകണം. മൊബൈൽ ഫോൺ അടിമകളാണ് ചെറുപ്പക്കാർ. നാട്ടിൽ നടക്കുന്ന ഒരു കാര്യവും യുവസമൂഹം അറിയുന്നില്ല. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ഭരണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ആർക്കും സമയമില്ല. ഫാഷിസം കടന്നുവരുന്നത് മൊബൈൽ ഫോണിലൂടെയാണ്. കേരളം സ്ഫോടനാത്മകമായ അവസ്ഥയിൽ നിൽക്കുകയാണ്. പൊലീസുകാരിൽ 25 ശതമാനം പൂർണമായും ക്രിമിനലുകളാണ്. ക്രിമിനൽവൽക്കരണം രാജ്യത്തിന്റെ പൊതുമുതൽ പോലും അടിച്ചുമാറ്റുന്നു. വിമാനത്താവളം വഴി വരുന്ന സ്വർണം അടിച്ചുമാറ്റുന്നു. അതുമായി ബന്ധപ്പെട്ടു നാട്ടിൽ കൊലപാതകങ്ങൾ നടക്കുന്നു.

പൊലീസ് നടപടി സ്വീകരിക്കുന്നതു കൊണ്ട് കള്ളക്കടത്ത് നടത്താൻ കള്ളക്കടത്തുകാർക്കു ബുദ്ധിമുട്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വർണക്കടത്ത് നടക്കുന്നുണ്ടെന്ന് ആവർത്തിച്ച് പൊളിറ്റിക്കൽ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. തെളിവുണ്ടോയെന്നാണു പൊളിറ്റിക്കൽ സെക്രട്ടറി ചോദിച്ചത്. അത്യാധുനിക സ്കാനിങ് സൗകര്യമുള്ള കരിപ്പൂർ വിമാനത്താവളത്തിൽ ഇത്രയുമധികം സ്വർണം പൊലീസ് എങ്ങനെയാണ് പിടിക്കുന്നത്? എയർപോർട്ടിൽ ജോലി ചെയ്യുന്ന സഖാക്കളെ കൊണ്ടാണ് അവിടുത്തെ സ്കാനറിനെപ്പറ്റി ഇന്റർനെറ്റിലൂടെ പരിശോധിച്ചത്. എങ്ങനെ കടത്തിയാലും സ്വർണം സ്കാനറിൽ പതിയുമെന്ന് കണ്ടെത്തി. പിന്നെ എങ്ങനെയാണ് ഇത്രയും സ്വർണം പൊലീസ് പിടിച്ചത്? തുടർന്ന് ഈ അന്വേഷണം സ്വർണം കൊണ്ടുവരുന്നവരെ ചുറ്റിപ്പറ്റിയായി. പലരും വിദേശത്താണ്. ചിലരെ കണ്ടെത്തി അവരുമായി സംസാരിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലാക്കുന്നത്. 2 കിലോ സ്വർണം പിടിച്ചാൽ എത്ര കസ്റ്റംസിന് കൊടുക്കണമെന്ന് പൊലീസുകാരാണു തീരുമാനിക്കുന്നത്.

സ്വർണപ്പണിക്കാരൻ ഉണ്ണി കഴിഞ്ഞ 3 വർഷം കൊണ്ടുണ്ടാക്കിയ സമ്പത്ത് അന്വേഷണ ഏജൻസി അന്വേഷിച്ചാൽ മനസിലാകും. സംസ്ഥാനത്തെ ഭരണകക്ഷിക്കോ പൊലീസിനോ ഒരു അനക്കവുമില്ല. 158 ഓളം കേസുകളാണ് പൊലീസ് ഇത്തരത്തിൽ പിടിച്ചിട്ടുള്ളതെന്ന് മൊഴിയെടുത്തപ്പോൾ ഐജിയോട് പറഞ്ഞു. പത്ത് ആളെയെങ്കിലും വിളിച്ചു ചോദിക്കാൻ ഐജിയോട് പറഞ്ഞു. ഒരാളെ വിളിച്ചിട്ടില്ല. ഇതാണോ അന്വേഷണം ?

ഞാൻ ഫോൺ ചോർത്തിയതിനു കേസെടുത്തു. കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുകയാണ്. ഞാൻ പിണറായി വിജയനെ രാഷ്ട്രീയത്തിൽ വിശ്വസിച്ച മനുഷ്യനായിരുന്നു. എന്റെ ഹൃദയത്തിൽ പിണറായി എന്റെ വാപ്പ തന്നെയായിരുന്നു. എത്ര റിസ്കാണ് അദ്ദേഹം ഈ പാർട്ടിക്കു വേണ്ടിയെടുത്തത്. പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ ഉയർത്തിയ എത്ര അനാവശ്യ ആരോപണങ്ങളെ ഞാൻ തടുത്തു. ഒരിക്കലും ആ പാർട്ടിയെയോ പാർട്ടി പ്രവർത്തകരെയോ ഞാൻ തള്ളിക്കളയില്ല.

വളരെ വിശദമായാണു മുഖ്യന്ത്രി എന്റെ പരാതി കേട്ടത്. 37 മിനിറ്റാണ് മുഖ്യമന്ത്രിയുടെ അടുത്ത് ഇരുന്നത്. ഒൻപത് പേജുള്ള പരാതി വായിച്ചുതീരാൻ 10 മിനിറ്റെടുത്തു. ഓരോന്നും എന്നോട് ചോദിച്ചു. എന്റെ ഉള്ളെടുക്കാനാണെന്ന് എനിക്ക് അറിയില്ലായിരുന്നു. 2021ൽ ഞാനടക്കം ജയിച്ചത് സിഎം കാരണമാണ്. സിഎം കത്തിജ്വലിച്ച് നിന്ന സൂര്യനായിരുന്നു അന്ന്. ഇന്ന് ആ സൂര്യൻ കെട്ടുപോയിട്ടുണ്ട്. സിഎമ്മിന്റെ ഗ്രാഫ് നൂറിൽ നിന്നും പൂജ്യം ആയിട്ടുണ്ട്. പൊളിറ്റിക്കൽ‌ സെക്രട്ടറി, അവനാണ് കാരണക്കാരാനെന്ന് ഞാൻ പറഞ്ഞു. അജിത് കുമാർ ലോ ആൻഡ് ഓർഡറിൽ ഇരിക്കുന്നതും പ്രയാസമാണെന്ന് പറഞ്ഞു. എന്റെ തൊണ്ട ഇടറി. ഞാൻ വല്ലാതെ വിഷമിച്ചു, കണ്ണ് ചുമന്നു. ഞാൻ രണ്ട് മൂന്നു മിനിറ്റ് ഇരുന്ന് കണ്ണൊക്കെ തുടച്ചാണ് സിഎമ്മിന്റെ ഓഫിസിൽ നിന്നിറങ്ങിയത്. പത്രക്കാർ പുറത്തുണ്ടെന്ന് പറഞ്ഞപ്പോൾ നീ പറഞ്ഞോയെന്നാണ് സിഎം പറഞ്ഞത്. ഞാൻ തൃശൂരിൽ എത്തിയപ്പോൾ സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തുവെന്ന വാർത്ത വരികയാണ്. നാല് ഡിവൈഎസ്പിമാരെ ട്രാൻസ്ഫറെ ചെയ്തു. പലരും ചോദിച്ചു സന്തോഷമായില്ലേ എന്ന്, ആശ്വാസമായി എന്ന് പറഞ്ഞു. ശശിധരനു പകരം ആരെ എസ്പി ആക്കണമെന്ന് എന്നോട് ചോദിച്ചു. ആരുടെയും പേര് ഞാൻ പറഞ്ഞില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here