മലപ്പുറം. സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ച് പിവി അൻവർ എംഎൽഎ നടത്തിയ ആദ്യ വിശദീകരണ പൊതുസമ്മേളനത്തിന് എത്തിയത് വൻ ജനാവലി . പ്രാദേശിക ഇടത് നേതാക്കൾ വരെ സമ്മേളനത്തിൻ്റെ ഭാഗമായത് അൻവറിന്റെ രാഷ്ട്രീയ ആത്മവിശ്വാസം കൂട്ടുന്നതായി. പ്രസംഗത്തിൽ മുഖ്യമന്ത്രിയെയും എഡിജിപി എം ആർ അജിത് കുമാറിനെയും മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിനെയും അൻവർ കടന്നാക്രമിച്ചു.
സിപിഎമ്മിന്റെ അച്ചടക്ക ചട്ടക്കൂട് ഭേദിച്ച് ഇടതുപക്ഷ പ്രവർത്തകർ പോലും പൊതുസമ്മേളനത്തിൽ എത്തിയത് പിവി അൻവറിന്റെ രാഷ്ട്രീയ വിജയമാണ്. ആയിരവും കടന്ന് ആളുകൾ ചന്തക്കുന്നിൽ തടിച്ചുകൂടിയത് നിലമ്പൂരിന്റെ രാഷ്ട്രീയ ഭൂമികയിൽ അൻവറിന്റെ അടയാളപ്പെടുത്തലായി മാറി.
സഖാവ് പുഷ്പനെ അനുസ്മരിച്ചാണ് അൻവർ പ്രസംഗം തുടങ്ങിയത്. പിന്നീട് മുഖ്യമന്ത്രിയെയും എഡിജിപി എംആർ അജിത് കുമാറിനെയും കടന്നാക്രമിച്ചു. പിണറായി വിജയൻറെ പേരുകേട്ടാൽ പാർട്ടി വിറയ്ക്കുകയാണ്. എന്തിനുവേണ്ടി. ഭീഷണിപ്പെടുത്തിയാൽ അൻവർ മാളത്തിൽ കയറി ഒളിക്കുമെന്ന് കരുതിയെങ്കിൽ വേറെ ആളെ നോക്കണമെന്നും വെല്ലുവിളി.
മുഖ്യമന്ത്രിയ്ക്കെതിരെയും എഡിജിപി എം. ആർ അജിത് കുമാറിനെതിരെയും സിപിഎം ജില്ലാ സെക്രട്ടറി ഈ എൻ മോഹൻദാസിനെതിരെയും ആരോപണശരങ്ങൾ ഉയര്‍ന്നു.
രണ്ടരമണിക്കൂറോളം നീണ്ടുനിന്ന പ്രസംഗത്തിൽ പിരിഞ്ഞു പോകാതെ ജനം അൻവർ പറയുന്നത്, നിന്ന് കേട്ടു. പ്രതീക്ഷിച്ചതിനപ്പുറം ഉണ്ടായ പൊതുസമ്മേളനത്തിന്റെ വിജയം കരുത്ത് കൂട്ടുന്നതാണ്. ഇനി അൻവർ ജനകീയ വിഷയങ്ങളിൽ തുറന്നു പറച്ചിലിന് അക്കം കൂട്ടുമെന്നുറപ്പ്.