ദേശീയപാതയില്‍ കാര്‍ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വര്‍ണം കവര്‍ണ കവര്‍ന്ന സംഘത്തിന്റെ തലവന്‍ ഇന്‍സ്റ്റഗ്രാമിലെ താരം

Advertisement

തൃശൂര്‍: ദേശീയപാതയില്‍ കാര്‍ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വര്‍ണം കവര്‍ണ കവര്‍ന്ന സംഘത്തിന്റെ തലവന്‍ ഇന്‍സ്റ്റഗ്രാമിലെ താരം.

പത്തനംതിട്ട തിരുവല്ല തിലമൂലപുരം ചിറ്റപ്പാട്ടില്‍ റോഷന്‍ വര്‍ഗീസിന്റെ(29) നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘമാണ് പട്ടിക്കാട് വച്ച് രണ്ട് യുവാക്കളെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്. മോഷണം നടന്ന സമയത്ത് സ്ഥലത്ത് കൂടി പോയ ബസിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നത്.

തിരുവല്ലയില്‍ നിന്നാണ് റോഷന്‍ പിടിയിലാകുന്നത്. റോഷന്റെ സംഘത്തിലുള്ള മാങ്കുളത്തില്‍ ഷിജോ വര്‍ഗീസ്, പള്ളിനട ഊളക്കല്‍ സിദ്ദിഖ്, കൊളത്തൂര്‍ തൈവളപ്പില്‍ നിശാന്ത്, കയ്പമംഗലം അടിപ്പറമ്ബില്‍ നിഖില്‍ നാഥ് എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവില്ല്യാമല, ചേരാനെല്ലൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളാണ് സംഘത്തിലുള്ള എല്ലാവരും. കേസില്‍ ഇനിയും നാല് പേര്‍ കൂടി പിടിയിലാകാനുള്ളതായി സിറ്റി പൊലീസ് അറിയിച്ചു. സമൂഹമാദ്ധ്യമത്തില്‍ സജീവമായ റോഷന് ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തോളം ഫോളോവേഴ്സാണ് ഉള്ളത്. ഇന്‍സ്റ്റഗ്രാമില്‍ റോഷനെ ഫോളോ ചെയ്യുന്ന പലര്‍ക്കും ഇയാള്‍ മോഷ്ടാവാണെന്ന് അറിയില്ല. സ്ഥിരമായി റീല്‍ ചെയ്താണ് ഇയാള്‍ ഫോളോവേഴ്സിനെ സ്വന്തമാക്കിയത്.

പ്ലസ്ടു വരെ മാത്രമാണ് ഇയാള്‍ പഠിച്ചിട്ടുള്ളത്. 22ഓളം കേസുകളാണ് ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേശീയപാതകളില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച് സ്വര്‍ണം തട്ടിയെടുക്കുന്നതാണ് റോഷന്റേയും സംഘത്തിന്റേയും പതിവ്. പലതവണ ജയിലിലായിട്ടുണ്ടെങ്കിലും ജയിലില്‍ നിന്ന് ഇറങ്ങി വീണ്ടും സ്വര്‍ണം തട്ടുക എന്നതാണ് ഇവരുടെ രീതി. കര്‍ണാടകയിലും തമിഴ്നാട്ടിലുമാണ് ഇയാള്‍ സമാനമായ മോഷണങ്ങള്‍ നടത്തിയിട്ടുള്ളത്.

കോയമ്ബത്തൂരിലെ സ്വര്‍ണാഭരണശാലയില്‍ നിന്നുള്ള ആഭരണങ്ങളുമായി തൃശൂരിലേക്ക് വരികയായിരുന്ന രണ്ട് യുവാക്കളെയാണ് റോഷനും സംഘവും ആക്രമിച്ചത്. സ്വര്‍ണം കൊണ്ടുവരികയായിരുന്ന വാഹനത്തെ പ്രതികള്‍ പിന്തുടര്‍ന്നെത്തി തടഞ്ഞു നിര്‍ത്തുകയായിരുന്നു. ശേഷം കാറിന്റെ ചില്ല് തകര്‍ക്കുകയും കത്തി കഴുത്തില്‍ വച്ച് ഭീഷണി മുഴക്കി സ്വര്‍ണവും, വാഹനവും പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികളില്‍ മൂന്ന് പേരെ കുതിരാനില്‍ വച്ച് പൊലീസ് പിടികൂടിയിരുന്നു.

ഇവരില്‍ നിന്നാണ് റോഷനെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കോയമ്ബത്തൂരില്‍ നിന്ന് സ്വര്‍ണവുമായി യുവാക്കള്‍ കാറില്‍ പുറപ്പെട്ട വിവരം കവര്‍ച്ചാസംഘത്തിന് കൈമാറിയ ആളേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ തട്ടിയെടുത്ത സ്വര്‍ണം പൊലീസിന് വീണ്ടെടുക്കാനായിട്ടില്ല. ഇനി പിടിയിലാകാനുള്ള നാല് പ്രതികളില്‍ നിന്നും സ്വര്‍ണം കണ്ടെടുക്കാന്‍ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്