മലപ്പുറത്ത് എത്തുന്ന സ്വർണ്ണ കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക്, മുഖ്യമന്ത്രി പിന്നാലെ വിവാദം

Advertisement

തിരുവനന്തപുരം. മലപ്പുറത്ത് എത്തുന്ന സ്വർണ്ണ കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ എം എസ് എഫ് രംഗത്ത് വന്നു. മുഖ്യമന്ത്രി ആർഎസ്എസ് കുപ്പായമണിഞ്ഞ കമ്മ്യൂണിസ്റ്റ് വർഗീയവാദിയെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ് ആരോപിച്ചു.

പി വി അൻവറിനെതിരായി മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഏറ്റവും കൂടുതൽ സ്വർണക്കള്ളക്കടത്ത് കേസ് രജിസ്റ്റർ ചെയ്യുന്നത് മലപ്പുറത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. സ്വർണ്ണക്കടത്തുകാരുടെ സ്ഥാപിത താല്പര്യം അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിലുണ്ടെന്ന് പരോക്ഷമായി പറയുകയും ചെയ്തു. ഇന്ന് ഹിന്ദു പത്രത്തെ നൽകിയ അഭിമുഖത്തിലാണ് കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തും മലപ്പുറത്തെ ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്ന് മുഖ്യമന്ത്രി പറയുന്നത്. അഞ്ചുവർഷത്തിനിടെ ജില്ലയിൽ പിടികൂടിയത് 150 കിലോ സ്വർണവും 123 കോടി രൂപയുമാണ്. മുസ്ലിം തീവ്രവാദികൾക്കെതിരായ നടപടി മുസ്ലിം സമുദായത്തിനെതിരാണെന്ന് പ്രചരിപ്പിക്കുന്നുവെന്നും ഈ അഭിമുഖത്തിൽ പറയുന്നു. ഏറെക്കാലമായി ആർഎസ്എസ് ഉയർത്തുന്ന ആരോപണങ്ങളുടെ പാത മുഖ്യമന്ത്രി പിന്തുടരുന്നു എന്ന വിമർശനമാണ് ഇതിനോടകം ഉയരുന്നത്.

മുഖ്യമന്ത്രിയുടെ പരാമർശം മലപ്പുറം ഫോബിയ ആണെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ് ഫേസ്ബുക്കിൽ കുറിച്ചു. കരിപ്പൂർ എയർപോർട്ടിൽ കസ്റ്റംസിനു പകരം പോലീസും കസ്റ്റംസും കള്ളക്കടത്ത് സംഘവും ചേർന്ന് പോലീസ് കേസാക്കി സ്വർണ്ണം കട്ടെടുക്കുകയാണെന്ന് അറിയാഞ്ഞിട്ടോ മനസ്സിലാക്കാതെയോ അല്ല മുഖ്യമന്ത്രി പറയുന്നത്. കാവി ട്രൗസർ ഇട്ട കമ്മ്യൂണിസ്റ്റ് വർഗീയവാദിയാണ് മുഖ്യമന്ത്രി എന്നും നവാസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ യൂത്ത് ലീഗ് മലപ്പുറത്ത് പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here