മൃഗശാല അധികൃതരെ വട്ടംകറക്കി വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടി പോയി

Advertisement

തിരുവനന്തപുരം. മൃഗശാല അധികൃതരെ വട്ടംകറക്കി വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടി പോയി . മൂന്ന് പെൺകുരങ്ങുകളാണ് രാവിലെ പുറത്തു കടന്നത്. മൃഗശാല പരിസരത്ത് തന്നെ കുരങ്ങുകൾ ഉണ്ടെന്നും, തിരികെ എത്തിക്കാൻ ശ്രമം നടക്കുന്നതായും അധികൃതർ അറിയിച്ചു.

രാവിലെ 8.45ഓടെ തീറ്റയുമായി ജീവനക്കാർ എത്തിയപ്പോഴാണ് കുരങ്ങുകൾ ചാടിപ്പോയ വിവരം അറിയുന്നത്. ഒന്നല്ല മൂന്നെണ്ണം. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ ചായ്ഞ്ഞ മുളക്കൂട്ടത്തിൽ കയറിയാണ് കുരങ്ങുകൾ പുറത്ത് കടന്നത്. തിരുപ്പതിയിൽ നിന്നും ഹരിയാനയിൽ നിന്നും എത്തിച്ചതാണ് കുരങ്ങുകളെ. തൊട്ടടുത്ത മരത്തിൽ കയറി ഇരിപ്പുറപ്പിച്ച കുരങ്ങുകളെ താഴെയിറക്കാൻ ശ്രമം തുടരുകയാണ്.

ഒരാൺ ഹനുമാൻ കുരങ്ങ് ഉൾപ്പെടെ നാല് കുരങ്ങുകളെ ഒരുമിച്ചായിരുന്നു പാർപ്പിച്ചിരുന്നത്. കഴിഞ്ഞവർഷം കൂട്ടിലേക്ക് മാറ്റുന്നതിനിടെ ചാടിപ്പോയ പെൺ ഹനുമാൻ കുരങ്ങ് ദിവസങ്ങളോളം മൃഗശാല ജീവനക്കാരെ വട്ടം കറക്കിയിരുന്നു. ഇടയ്ക്കിടെ കുരങ്ങുകൾ ചാടിപ്പോകുന്നതും, മാനുകൾ ചത്തുപോകുന്നതും മൃഗശാല ജീവനക്കാരുടെ വീഴ്ചമൂലം എന്നാണ് ഉയരുന്ന വിമർശനം.

Advertisement