രോഗി മരിച്ചത് ചികിൽസാ പിഴവിനെ തുടർന്നെന്ന ആരോപണത്തിൽ വ്യാജ ഡോക്ടർ കസ്റ്റഡിയിൽ

Advertisement

കോഴിക്കോട്. ഫറോക്ക് കോട്ടക്കടവിൽ രോഗി മരിച്ചത് ചികിൽസാ പിഴവിനെ തുടർന്നെന്ന ആരോപണത്തിൽ വ്യാജ ഡോക്ടർ കസ്റ്റഡിയിൽ. കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിൽ ആർഎംഒ ആയി ജോലി ചെയ്ത അബു അബ്രഹാം ലൂക്ക് ആണ് ഫറോക്ക് പൊലിസിൻ്റെ കസ്റ്റഡിയിലുള്ളത്. കടലുണ്ടി പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. ഡോക്ടർക്കും ആശുപത്രിക്കും എതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് പരാതി നൽകിയതായി മകൻ അശ്വിൻ പറഞ്ഞു

ഇക്കഴിഞ്ഞ 23 ന് പുലർച്ചെയാണ് നെഞ്ചുവേദനയെ തുടർന്ന് വിനോദ് കുമാറിനെ ടി എം എച്ച് ആശുപത്രിയിൽ എത്തിച്ചത്. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഇദ്ദേഹം മരിച്ചു. മൂന്നു ദിവസത്തിനു ശേഷം ഈ ആശുപത്രിയിലെത്തിയ വിനോദ് കുമാറിൻ്റെ മകന് സംശയം തോന്നിയാണ് അഛനെ ചികിൽസിച്ച ഡോക്ടറെ കുറിച്ച് അന്വേഷണം നടത്തിയത്

കുടുംബത്തിൻ്റെ പരാതിയിലാണ് ഫറോക്ക് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അബു അബ്രഹാം ലൂക്ക് ൻ്റെ എം ബി ബി എസ് രജിസ്റ്റർ നമ്പർ വ്യാജമെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായി .മുക്കത്തു വച്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വഞ്ചന,ആൾമാറാട്ടം,വകുപ്പുകൾക്കൊപ്പം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് പ്രകാരവുമാണ് കേസെടുത്തത്. അതേസമയം ഇയാൾ എംബിബിഎസ് പാസായിട്ടില്ല എന്ന വിവരം അറിഞ്ഞില്ല എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം