കിയ കാർണിവൽ, ഥാർ; പൾസർ സുനിയുടെ സഞ്ചാരം കാൽകോടിയോളം വിലയുളള ആഢംബര വാഹനങ്ങളിൽ, സഹായം ആര്? അന്വേഷണം തുടങ്ങി

Advertisement

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സുപ്രീംകോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ പൾസർ സുനിയുടെ സഞ്ചാരം ആഡംബര വാഹനങ്ങളിൽ. ഇടത്തരം സാമ്പത്തിക പശ്ചാത്തലത്തിലുള്ള സുനിൽ വിചാരണയ്ക്കായി അടക്കം കോടതിയിലെത്തുന്നത് കാൽകോടി രൂപയോളം വിലവരുന്ന വാഹനങ്ങളിലാണ്. ജാമ്യത്തിലിറങ്ങിയ പ്രതിയുടെ സാമ്പത്തിക ഉറവിടത്തെപ്പറ്റി സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

വിചാരണയിലെ കാലതാമസം പിടിവള്ളിയാക്കിയാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസ‌ർ സുനി സുപ്രീംകോടതിയിൽ നിന്ന് ജാമ്യത്തിലിങ്ങിയത്. എറണാകുളം സബ് ജയിലിൽ നിന്ന് ഏഴരവർഷത്തിന് ശേഷം ഇക്കഴിഞ്ഞ 20 ന് 2 ലക്ഷം രൂപയുടെ ആൾജാമ്യത്തിലാണ് തിയതി പുറത്തിറങ്ങിയത്.

സെപ്റ്റംബർ 26 ന് എറണാകുളം ജില്ല മജിസ്ട്രേറ്റ് കോടതിയിൽ രണ്ടാം ഘട്ട വിചാരണയ്ക്കായി പൾസർ സുനിയെത്തിയത് കിയ കാർണവൽ എന്ന വില 30 ലക്ഷം വിലവരുന്ന ആഢംബര കാറിലായിരുന്നു. തൊട്ടടുത്ത ദിവസം ഥാർ ജീപ്പിലെത്തി. 16 മുതൽ 20 ലക്ഷം രൂപ വിലയുളള ഈ വാഹനം (KL 66D 4000) കുട്ടനാട് ആർടിഒ രജിസ്ട്രേഷനിൽ കുഞ്ഞുമോളെന്ന വ്യക്തിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇടത്തരം സാമ്പത്തിക പശ്ചാത്തലത്തിലുള്ള സുനിക്ക് എവിടെ നിന്നാണ് ഈ ആഢംബര വാഹനങ്ങൾ ലഭിക്കുന്നത്?

പെരുമ്പാവൂരിലെ കോടനാടുള്ള സുനിലിന്റെ വീട്ടിൽ പൊലീസ് നിരീക്ഷണമുണ്ട്. ഒരൊറ്റ സിം മാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥ സുനിൽ പാലിക്കുന്നുണ്ടോ എന്നതിലും പൊലീസ് പരിശോധന തുടങ്ങി. അടുത്ത ബന്ധുവിന്റെ പേരിലുള്ള സിമ്മിൽ നിന്ന് സുനിൽ പലരെയും ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. നേരത്തെ ചില അഭിനേതാക്കളുടെ ഡ്രൈവറായിരുന്ന സുനിലിന്റേത് വളരെ സാധാരണ കുടുംബ പശ്ചാത്തലമാണ്. ഏഴര വർഷത്തിനിടെ ലീഗൽ സർവ്വീസസ് അതോറിറ്റി സഹായത്തിലല്ല സ്വന്തം അഭിഭാഷകൻ വഴിയാണ് ഓരോ തവണയും സുനിൽ ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയത്. പത്താം തവണയും അപേക്ഷ തള്ളിയ ഹൈക്കോടതി തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് 25,000 രൂപയും സുനിലിന് പിഴയും ചുമത്തി. സാമ്പത്തിക സഹായവുമായി സുനിലിന് പിന്നിൽ ആരൊക്കെയോ ഉണ്ടെന്ന ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ പരാമർശവും ചർച്ചയായി. ഇതിന് പിന്നാലെയാണ് വിചാരണ വൈകുന്നതിലെ ആനുകൂല്യത്തിൽ പ്രതിക്ക് സുപ്രീം കോടതി ജാമ്യം നൽകിയത്.

ഏത് സാമ്പത്തിക അവസ്ഥയിലുള്ള ഒരു പ്രതിക്ക് അഥവാ കുറ്റാരോപിതന് നിയമപോരാട്ടത്തിനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. എന്നാൽ നിയമനടപടികൾ സുതാര്യമാണോ, ലക്ഷങ്ങൾ ചിലവാക്കി പ്രതിക്ക് പിന്നിൽ അണിനിരക്കുന്നവരുടെ ഉദ്ദേശം എന്ത്. ഇക്കാര്യത്തിലാണ് പരിശോധന വേണ്ടത്.

Advertisement