സിദ്ദിഖ് നാളെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും;ഒളിവ് അവസാനിപ്പിച്ച് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി

Advertisement

കൊച്ചി: ബലാത്സംഗക്കേസിൽ സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിഭാഷകന്‍ ബി.രാമന്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്തി സിദ്ദിഖ്. നാളെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. കൊച്ചിയിലെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടു. കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സിദ്ദിഖ് തയ്യാറായില്ല.

തിങ്കളാഴ്ചയാണ് സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഹൈക്കോടതി മുന്‍കൂർ ജാമ്യപേക്ഷ തള്ളിയതിനു പിന്നാലെ ഇന്നലെ വരെ സിദ്ദിഖ് ഒളിവിലായിരുന്നു.

അതേസമയം, ബലാൽസംഗക്കേസിൽ നിയമോപദേശം തേടി പ്രത്യേക അന്വേഷണ സംഘം. ഡയറക്റ്റർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന്‍റെ ഓഫീസിനോടാണ് അറസ്റ്റ് രേഖപ്പെടുത്തണോ എന്ന കാര്യത്തിൽ നിയമോപദേശം തേടിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയാലും സിദ്ദീഖിനെ വിട്ടയക്കേണ്ടിവരും. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം ഇതോടെ ഇല്ലാതാകും.