മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും; എഡിജിപി വിഷയത്തിൽ തീരുമാനമുണ്ടായേക്കും

Advertisement

തിരുവനന്തപുരം:
ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. നിർണായക തീരുമാനങ്ങൾ ഇന്നുണ്ടാകാൻ സാധ്യതയുണ്ട്. പിവി അൻവർ നൽകിയ പരാതിയിലും ആർഎസ്എസ് കൂടിക്കാഴ്ചയിലും സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ എഡിജിപി എംആർ അജിത് കുമാറിന്റെ സ്ഥാനം ചലിക്കുമെന്നാണ് സൂചന. തൃശ്ശൂർ പൂരം കലക്കലിൽ തുടരന്വേഷണം വേണമെന്ന ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയിലും മുഖ്യമന്ത്രി തീരുമാനമെടുത്തേക്കും

അൻവർ നൽകിയ പരാതികളിലെ അന്വേഷണത്തിന്റെ റിപ്പോർട്ട് നാളെ സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്ക് കൈമാറും. ഇതിനൊപ്പം അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്റെ റിപ്പോർട്ടുമുണ്ടാകും. തുടർ നടപടികൾക്കുള്ള ശുപാർശ സഹിതമാകും റിപ്പോർട്ട് നൽകുക. മുഖ്യമന്ത്രി റിപ്പോർട്ട് അംഗീകരിച്ചാൽ ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാർ തെറിക്കും

സിപിഐയും സമ്മർദം ശക്തമാക്കുന്നുണ്ട്. സ്ഥലം മാറ്റമെങ്കിലും മുഖ്യമന്ത്രിക്ക് പരിഗണിക്കേണ്ടി വരും. തൃശ്ശൂർ പൂരം കലക്കലിൽ തുടരന്വേഷണത്തിന്റെ ചുമതല ഡിജിപിക്കോ ക്രൈംബ്രാഞ്ച് മേധാവിക്കോ നൽകാനും സാധ്യതയുണ്ട്.