നക്ഷത്ര ചിഹ്നം ഇട്ട ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നം ഇടാത്തചോദ്യങ്ങളാക്കി മാറ്റി, വിഡി സതീശന്‍

Advertisement

തിരുവനന്തപുരം. നിയമസഭാ സെക്രട്ടറിയേറ്റിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നക്ഷത്ര ചിഹ്നം ഇട്ട ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നം ഇടാത്തചോദ്യങ്ങളായി മാറ്റിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ചയും, തൃശ്ശൂർ പൂരം കലക്കലും ഉൾപ്പെടെയുള്ള ചോദ്യങ്ങളിൽ നിയമസഭയിൽ മന്ത്രിമാർ മറുപടി പറയാതിരിക്കാനാണ് നീക്കം.

നാലാം തീയതി ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലേക്കുള്ള ചോദ്യങ്ങളെ ചൊല്ലിയാണ് പുതിയ വിവാദം. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ മറുപടി പറയണം. ഇത് ഒഴിവാക്കാനായി വിവാദ വിഷയങ്ങളിലെ ചോദ്യങ്ങളിൽ നക്ഷത്ര ചിഹ്നം ഒഴിവാക്കി എന്നാണ് പ്രതിപക്ഷ നേതാവിന്റെ പരാതി. എ.ഡി.ജി.പി – ആർഎസ്എസ് കൂടിക്കാഴ്ച , തൃശ്ശൂർ പൂരം കലക്കലിലെ വിവിധ ചോദ്യങ്ങൾ, പൊലീസിലെ ക്രിമിനൽ വൽക്കരണം, കാഫിർ സ്ക്രീൻഷോട്ട് വിവാദം തുടങ്ങിയ ചോദ്യങ്ങളിലാണ് നക്ഷത്ര ചിഹ്നം ഒഴിവാക്കിയത്.

പ്രതിപക്ഷ സാമാജികർ നൽകിയ 49 നോട്ടീസുകൾ ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നം ഒഴിവാക്കിയെന്നാണ് പരാതി. നിയമസഭ നടപടി ചട്ടം 36, സ്പീക്കറുടെ ഒന്നാം നമ്പർ നിർദേശം , ചോദ്യങ്ങൾ എഡിറ്റ് ചെയ്യുന്നതും അനുവദിക്കുന്നതും സംബന്ധിച്ച മുൻകാല റൂളിംഗുകൾ എന്നിവയ്ക്ക് വിരുദ്ധമായാണ് നടപടിയെന്ന് പരാതിയിൽ പറയുന്നു. നിയമസഭയിൽ മുഖ്യമന്ത്രിയിൽ നിന്നും നേരിട്ട് മറുപടി ലഭിക്കേണ്ട പ്രസക്തമായ വിഷയങ്ങൾ ഉൾപ്പെടെയാണ് ഒഴിവാക്കിയത്. സംസ്ഥാന ശ്രദ്ധ ആകർഷിച്ച വിവിധ വിഷയങ്ങളായിട്ടും സഭയിൽ ഉന്നയിക്കാനുള്ള പൊതു പ്രാധാന്യമില്ല , തദ്ദേശ പ്രാധാന്യം മാത്രമുള്ള ചോദ്യം, സഭാതലത്തിൽ വിശദീകരിക്കേണ്ട നയപരമായ പ്രാധാന്യമില്ല തുടങ്ങിയ വിചിത്ര ന്യായീകരണമാണ് നിയമസഭാ സെക്രട്ടറിയേറ്റിന്റേത്. വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. ചോദ്യങ്ങൾക്ക് നക്ഷത്ര ചിഹ്നം അനുവദിക്കണമെന്നും സ്പീക്കർക്ക് നൽകിയ കത്തിൽ പറയുന്നു.