മലപ്പുറം. സിപിഎം പി വി അൻവർ രാഷ്ട്രീയ ഏറ്റുമുട്ടലിൽ സിപിഎമ്മിന് ഒപ്പം നിന്ന് കെ ടി ജലീൽ. പിവി അൻവറിന്റെ പാർട്ടിയിലേക്കില്ലെന്നും സി.പി. എമ്മിനോട് നന്ദികേട് കാണിക്കില്ലെന്നും വാർത്താ സമ്മേളനത്തിൽ കെ ടി ജലീൽ വ്യക്തമാക്കി. അൻവറിന്റെ പോലീസിനെതിരെയുള്ള ആരോപണങ്ങളിൽ മാത്രം ജലീൽ പിന്തുണ പ്രഖ്യാപിച്ചു.
ഒക്ടോബർ രണ്ടിന് ചിലത് വെളിപ്പെടുത്താനുണ്ടെന്ന മുഖവുരയോടെ ജലീൽ തീർത്ത പുകമറ ജലീൽ തന്നെ നീക്കി. പോലീസിനെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ മാത്രം ചില ശരികൾ ഉണ്ടെന്നും രാഷ്ട്രീയമായി വിയോജിക്കുന്നുവെന്നും കെ ടി ജലീൽ പറഞ്ഞു. സിപിഎം അനുഭാവിയായി അടിയുറച്ചു നിൽക്കും.
സിപിഎം ജില്ലാ സെക്രട്ടറി ആർഎസ്എസുകാരൻ എന്ന അൻവറിന്റെ ആരോപണം ശുദ്ധ അസംബന്ധം. എന്നാൽ അൻവറിന് പിന്നിൽ ജമാഅത്ത് ഇസ്ലാമിയാണെന്ന് അഭിപ്രായമില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പാർട്ടി നിർബന്ധിച്ചാലും ഇനിയില്ല. രാജ്യസഭാ സീറ്റ് അടക്കം ഒരു സ്ഥാനവും വേണ്ട.
അൻവറിനെ പ്രതിരോധിക്കാനായി ഇറങ്ങാൻ വൈകിയോ എന്ന് ചോദ്യത്തിന് ഇതായിരുന്നു മറുപടി.പാർട്ടി ആവശ്യപ്പെട്ടാൽ അൻവറിനെതിരെ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രഖ്യാപിച്ചാണ് കെ ടി ജലീൽ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.