2024ഒക്ടോബർ 03 വ്യാഴം 12.15 PM
തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ വിവാദത്തിൽ തുടരന്വേഷണം നടത്താൻ
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ത്രിതലത്തിലുള്ള അന്വേഷണമായിരിക്കും നടത്തുക.
തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം നടന്നു എന്ന അന്വേഷണ റിപ്പോർട്ടിലെ പരാമർശത്തെപ്പറ്റി അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേഷിനെ ചുമതലപ്പെടുത്തി.
പൂരവുമായി ബന്ധപ്പെട്ട് വിവിധ ചുമതലകൾ നൽകിയിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചകൾ സംഭവിച്ചോ എന്ന് ഇൻ്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാം അന്വേഷിക്കും.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടന്നള്ള റിപ്പോർട്ടിൽ വീണ്ടും സംസ്ഥാന പോലീസ് മേധാവി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൻ്റെ തനതായ സാംസ്ക്കാരി അടയാളമാണ് തൃശൂർ പൂരം. മത സൗഹാർദ്ദം വിളിച്ചോതുന്ന ഒന്നാണ് തൃശൂർ പൂരം.
സെപ്തംബർ 24 ന് സർക്കാരിന് ലഭിച്ച റിപ്പോർട്ട് അത് ഒരു സമഗ്രമായ റിപ്പോർട്ടായി കാണാനാകില്ല. സാമൂഹിക അന്തരീക്ഷം അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അരങ്ങേറിയ ആസൂത്രിത നീക്കമാണ് ഉണ്ടായത്. പൂരവുമായി ബന്ധപ്പെട്ട് നടന്ന എല്ലാ കുറ്റകൃത്യങ്ങളും സമഗ്രമായി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.