നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം, ആയുധങ്ങള്‍ അനവധി

Advertisement

തിരുവനന്തപുരം പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം. 9 ദിവസം മാത്രം നീണ്ടുനിൽക്കുന്ന സഭാ കാലയളവിൽ കാത്തിരിക്കുന്നത് സർക്കാരിനെ പ്രതിരോധത്തിൽ ആക്കുന്ന വിവിധ വിഷയങ്ങൾ. ആദ്യ ദിവസമായ ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിൽ നടന്ന പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സഭ പിരിയും.

പ്രകൃതി ദുരന്തങ്ങളിൽ മരിച്ചവർക്ക് ആദരമർപ്പിക്കുക എന്നത് മാത്രമാണ് നിയമസഭയുടെ ഇന്നത്തെ അജണ്ട. അത് ഒഴിച്ച് നിർത്തിയാൽ ആകെ സഭ സമ്മേളിക്കുക എട്ട് ദിവസം മാത്രം. അതിനുള്ളിൽ സഭയെ പിടിച്ചു കുലുക്കാൻ പ്രതിപക്ഷത്തിന്റെ ആവനാഴിയിൽ അസ്ത്രങ്ങൾ അനവധി.

മലപ്പുറം വിവാദ പരാമർവും പിന്നാലെ ഉണ്ടായ, പിആർ ഏജൻസി വിവാദവും ന്യായീകരിച്ച് സർക്കാർ വശംകെടും. ഈ സഭ കാലയളവിലെ പ്രധാന ആകർഷണം പി.വി അൻവർ എംഎൽഎ തന്നെ. ഒടുവിലെ സഭാ സമ്മേളനത്തിൽ വരെ സർക്കാരിൻ്റെ ചാവേറായിരുന്നു അൻവർ. മുന്നണിയിൽ പോലും ആരും ഏറ്റെടുത്തില്ലെങ്കിലും പ്രതിപക്ഷ നേതാവിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് കഴിഞ്ഞ തവണ വിവാദത്തിലായ അതേ അൻവർ ഇത്തവണ ഇരിക്കുക പ്രതിപക്ഷ അംഗങ്ങളുടെ ഒപ്പം. പി.വി അൻവർ ഉയർത്തി വിട്ട ആരോപണങ്ങൾ സർക്കാരിനെതരായ പ്രതിപക്ഷത്തിൻ്റെ പ്രധാന ആയുധമാവും. എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ച നിയമസഭയിൽ സർക്കാരിന് മറുപടി പറയേണ്ടിവരും.

എഡിജിപിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സഭയിൽ ചോദ്യം ചെയ്യപ്പെടും. തൃശ്ശൂർ പൂരം കലക്കൽ പ്രതിപക്ഷത്തിന്റെ മറ്റൊരു തുറപ്പ് ചീട്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് എതിരായ ആരോപണവും സഭയിലെ ചോദ്യമാവും. മലയാള സിനിമയെ പിടിച്ചു കുലുക്കിയ ഹേമ കമ്മറ്റി റിപ്പോർട്ടും, അതിനെ തുടർന്നുണ്ടായ കോലാഹലങ്ങളും സർക്കാരിന് മറ്റൊരു തലവേദന. അതിനിടെ നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങൾക്ക് നക്ഷത്ര ചിഹ്നം ഒഴിവാക്കിയെന്ന പ്രതിപക്ഷ നേതാവിന്റെ പരാതി സ്പീക്കർക്ക് മുന്നിലുണ്ട്. സ്പീക്കറിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ക്രമപ്രശ്നമായി വിഷയം അവതരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. ഒക്ടോബർ 18ന് അവസാനിക്കും. സഭ സമ്മേളിക്കുന്ന 9 ദിവസവും സർക്കാരിനെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ.