എരുമേലിയില്‍ ഇനി കുറി തൊടീല്‍ വേണ്ടെന്ന് ബോര്‍ഡ്

Advertisement

തിരുവനന്തപുരം: എരുമേലി ശാസ്താ ക്ഷേത്രപരിസരത്തെ കുറി തൊടല്‍ ഇനി അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്. ക്ഷേത്രചാരമല്ലാത്തതിനാലാണ് ഇത് ഒഴിവാക്കുന്നതെന്നും പൊട്ടുകുത്തലിന് ഫീസ് ഈടാക്കാന്‍ നല്കിയ കരാറുകള്‍ റദ്ദാക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇതിനു വേണ്ട നിയമ നടപടികള്‍ സ്വീകരിക്കും.
ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടയ്ക്കുമുന്‍പ് വലിയതോട്ടില്‍ കുളിച്ചെത്തുന്ന ഭക്തര്‍ക്ക് നടപ്പന്തലില്‍ കുങ്കുമവും ഭസ്മവുമുള്‍പ്പെടുള്ളവ നല്കാറുണ്ട്. ഇവിടെ കുറി തൊടുന്നതിന് 10 രൂപ ഈടാക്കാന്‍ തീരുമാനിച്ചതില്‍ ഭക്തരും വിവിധ ഹൈന്ദവ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതിനായി കരാര്‍ നല്കിയതും വിവാദമായിരുന്നു. കുറി തൊടല്‍ എരുമേലി ശാസ്താ ക്ഷേത്രമോ ശബരിമലയോ ആയി ബന്ധപ്പെട്ട ആചാരമല്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പുതിയ നിലപാട്.
ഇക്കാര്യം ഹൈന്ദവസംഘടനകളും ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. അമിതനിരക്ക് തടയാനും തര്‍ക്കവും വഴക്കും ഒഴിവാക്കാനുമാണ് ബോര്‍ഡ് ഏറ്റെടുത്ത് ഫീസ് നിശ്ചയിച്ച് മൂന്നുപേര്‍ക്ക് കരാര്‍ നല്കിയതെന്ന് ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
ആഗസ്ത് 15 ന് വിവിധ സംഘടനകളുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോഴോ ലേലത്തിലോ ആരും പരാതിയോ എതിര്‍പ്പോ ഉന്നയിച്ചില്ലെന്ന് ബോര്‍ഡ് വിശദീകരിച്ചു.

Advertisement