കാഞ്ഞിരംകുളം. നടൻ മോഹൻരാജിന്‍റെ സംസ്കാരം തിരുവനന്തപുരം കാഞ്ഞിരംകുളത്തെ കുടുംബ വീട്ടിൽ നടന്നു. സിനിമ മേഖലയിലെ സുഹൃത്തുക്കൾ അടക്കം ആയിരങ്ങൾ കാഞ്ഞിരംകുളത്തെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
മലയാള സിനിമയുടെ കീരിക്കാടന് വിട. വൈകിട്ട് അഞ്ച് മണിക്ക് കാഞ്ഞിരംകുളത്തെ കുടുംബ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ആയിരങ്ങൾ അവസാനമായി ഒരു നോക്ക് കാണാൻ കാഞ്ഞിരംകുളത്തേക്ക് എത്തി. ഇളയ മകൾ കാവ്യ ചിതക്ക് തീകൊളുത്തി.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മോഹൻരാജിന്റെ മരണം. പാർക്കിൻസൺസ് അസുഖ ബാധിതനായതിനെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ഹോസ്പിറ്റൽ നിന്ന് ഏതാനും മാസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് ചികിത്സയ്ക്കായി എത്തിയത്.
1988-ൽ കെ.മധുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മൂന്നാംമുറ’ എന്ന ചിത്രത്തിലൂടെയായിരുന്നു മോഹൻരാജ് വെള്ളിത്തിരയിലെത്തിയത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘കിരീട’ത്തിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠനേടിയ അദ്ദേഹം. ഈ കഥാപാത്രത്തിന്റെ പേരിലായിരുന്നു പിന്നീട് അറിയപ്പെട്ടത്. രോഗബാധിതനായതോടെ 2008-നു ശേഷം അഭിനയരംഗത്തുനിന്നു പിൻവാങ്ങാൻ തുടങ്ങി. 2022-ൽ മമ്മൂട്ടി നായകനായെത്തിയ ‘റോഷാക്ക്’ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.