മഞ്ചേശ്വരം കോഴ, കെ സുരേന്ദ്രൻ നൽകിയ വിടുതൽ ഹർജിയിൽ ഇന്ന് വിധി

Advertisement

കാസര്‍കോഡ്.മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയ വിടുതൽ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. കേസിൽ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രതികളോട് ഇന്ന് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി തവണ കേസ് പരിഗണിച്ചെങ്കിലും, വിധി പറയുന്നതിനു വേണ്ടി കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. കേസിൽ തെളിവില്ലെന്നും, കേസ് നിലനിൽക്കില്ലെന്നും ആണ് പ്രതിഭാഗത്തിന്റെ വാദം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിപ്പിക്കുകയും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നും ആണ് കേസ്. മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന വി വി രമേശൻ, സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഫയൽ ചെയ്ത ഹർജിയിൽ കോടതി നിർദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. കോഴയായി ലഭിച്ച പണം ചെലവായി പോയെന്ന് മാധ്യമങ്ങളോട് സുന്ദര പ്രതികരിച്ചിരുന്നു.

Advertisement