എഡിജിപി വിവാദം, ഒറ്റപ്പെട്ട് ബിനോയ് വിശ്വം

Advertisement

തിരുവനന്തപുരം. എഡിജിപി വിവാദത്തിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഒറ്റപ്പെട്ട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെ പ്രകാശ് ബാബു ജനയുഗത്തിൽ ലേഖനം എഴുതിയതിനെ വിമർശിച്ച ബിനോയ് വിശ്വത്തോട് മറ്റ് അംഗങ്ങൾ യോജിച്ചില്ല. എല്ലാവരും വക്താക്കൾ ആകേണ്ടെന്ന് ബിനോയ് വിശ്വം അറിയിച്ചു. പാർട്ടി സെക്രട്ടറിയെ ആരും ഒറ്റപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യകരമായ ചർച്ചകളാണ് നടക്കുന്നതെന്നും മന്ത്രി കെ രാജൻ പ്രതികരിച്ചു.

സിപിഐ നേതൃത്വത്തിലെ ഭിന്നതയാണ് നിർവാഹക സമിതി യോഗത്തിൽ
മറനീക്കി പുറത്തുവന്നത്. എഡിജിപി വിഷയത്തിൽ പ്രകാശ് ബാബു നിലപാട് പറഞ്ഞതാണ് ബിനോയ് വിശ്വത്തെ പ്രകോപിപ്പിച്ചത്. പാർട്ടി സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന ഘട്ടത്തിലാണ് എഡിജിപിയെ മാറ്റണമെന്ന് പരസ്യ പ്രതികരണവുമായി പ്രകാശ് ബാബു രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ അജിത് കുമാറിനെതിരെ ജനയുഗത്തിൽ ലേഖനം എഴുതിയതും അതൃപ്തിക്ക് ഇടയാക്കി. സിപിഐ നിലപാട് പാർട്ടി സെക്രട്ടറി പറയും എന്നായിരുന്നു നേതൃയോഗത്തിൽ ബിനോയ് വിശ്വം അറിയിച്ചു. എന്നാൽ സിപിഎ നിലപാട് സാധൂകരിക്കുകയാണ് പ്രകാശ് ബാബു ചെയ്തതെന്ന് ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടു. പാർട്ടിയിൽ അഭിപ്രായ ഭിന്നതയുണ്ടെന്നത് മാധ്യമസൃഷ്ടി എന്നായിരുന്നു കെ രാജന്റെ പ്രതികരണം

വിവാദ വിഷയങ്ങളിൽ ബിനോയ് വിശ്വം മൗനം തുടർന്നപ്പോഴൊക്കെ പാർട്ടി വക്താവായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് പ്രകാശ് ബാബു ആയിരുന്നു. ഇതോടെയാണ് എല്ലാവരും പാർട്ടി വക്താക്കൾ ആകേണ്ടെന്ന് ബിനോയ് വിശ്വം നിലപാടെടുത്തത്

LEAVE A REPLY

Please enter your comment!
Please enter your name here