എഡിജിപി തെറിക്കുമോ? ഇരിക്കുമോ ? നാളെ അറിയാം

Advertisement

തിരുവനന്തപുരം:എഡിജിപി എംആർ അജിത് കുമാർ രണ്ട് ഉന്നത ആർഎസ് എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ കൈയ്യിലെത്തിയാൽ പരിശോധിച്ച് നടപടി എടുത്തേക്കും. നാളെ വൈകിട്ടോടെ ഇക്കാര്യത്തിൽ മുഖ്യമന്ത്രി നടപടി പ്രഖ്യാപിച്ചേക്കും. എന്തായാലും അജിത്ത് കുമാറിന് സ്ഥാനചലനമുണ്ടാകുമെന്ന് ഏറെകുറെ ഉറപ്പാണ്. ഏതെങ്കിലും കോർപ്പറേഷൻ തലപ്പത്തേക്ക് മാറ്റി ചുമതല നൽകാനും സാധ്യതയുണ്ട്.നിയമസഭാ സമ്മേളനം തിങ്കളാഴ്ച വീണ്ടും ആരംഭിക്കുമ്പോൾ പ്രതിപക്ഷത്തിൻ്റെ കൈയ്യിലെ ഏറ്റവും നല്ല വടിയാകും എഡിജിപി വിവാദം.

എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് രാത്രി 8 മണിയോടെയാണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് നൽകിയത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും റിപ്പോർട്ട് അന്തിമമാക്കാൻ സമയം എടുത്തതാണ് വൈകാൻ കാരണമെന്നായിരുന്നു ഒടുവിൽ ലഭിച്ച വിവരം. ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് എഡിജിപി നൽകിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഡിജിപി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

എഡിജിപി എംആർ അജിത് കുമാർ രണ്ട് ഉന്നത ആർഎസ് എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്. എന്നാൽ മാമി തിരോധാനമടക്കം അൻവർ ഉന്നയിച്ച കേസുകളിൽ അജിതിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തൽ റിപ്പോർട്ടിലുണ്ടാകില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ ഉപസമിതിയോഗത്തിലും അജിത്തിനെ മാറ്റാതെ പറ്റില്ലെന്ന നിലപാടാണ് ഘടകക്ഷിയായ സിപിഐ സ്വീകരിച്ചത്. വിവാദ നായകൻ എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി വൈകുന്നത് പ്രതിച്ഛായയെ ബാധിക്കില്ലേയെന്നും നേരത്തെ തന്നെ നടപടി എടുക്കണമായിരുന്നുവെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലും അഭിപ്രായമുണ്ടായി.

എഡിജിപിക്ക് വീഴ്ചയുണ്ടെന്നാണ് വിലയിരുത്തലെന്നും എന്നാൽ നടപടിയെടുക്കുന്നത് ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആകുമെന്നാണ് പ്രഖ്യാപിത നിലപാടെന്നും നേതൃത്വം വ്യക്തമാക്കുന്നു. സമ്മർദ്ദത്തിന് വഴങ്ങി മാറ്റിയെന്ന തോന്നലുണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നും നേതൃത്വം നിലപാടെടുത്തു. ഡിജിപിയുടെ അന്വേഷണ
റിപ്പോർട്ട് കയ്യിൽ കിട്ടട്ടെ, അതുവരെ കാത്തിരിക്കാമെന്നാണ് എംവി ഗോവിന്ദൻ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചത്. ഇതിനൊക്കെ ഒടുവിലാണ് ഇന്ന് ഡിജിപിയുടെ അന്തിമ റിപ്പോർട്ട് സർക്കാറിലേക്ക് എത്തിയത്.ഇനി എല്ലാ കണ്ണുകളും മുഖ്യമന്ത്രിയിലേക്കാണ്.

LEAVE A REPLY

Please enter your comment!
Please enter your name here