കോഴിക്കോട്. സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണത്തിൽ പാചകക്കാരിയും അവരുടെ ബന്ധുവും അറസ്റ്റിൽ. നാലു വർഷത്തിനിടയിലാണ് പ്രതികൾ 26 പവൻ സ്വർണ്ണം കവർന്നത്. കോഴിക്കോട്ടെ 3 ജ്വല്ലറികളിലാണ് പ്രതികൾ വില്പന നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
കൊട്ടാരം റോഡിലെ എംടി വാസുദേവൻ നായരുടെ സിതാര എന്ന വീട്ടിൽ നിന്ന് പാചകക്കാരി ശാന്തയും ശാന്തയുടെ ബന്ധു പ്രകാശനും ചേർന്നാണ് മോഷണം നടത്തിയത്. കൂടുതൽ മോഷണം ശ്രദ്ധയിൽ പെട്ടതോടെ കഴിഞ്ഞ ദിവസം എം ടി യുടെ ഭാര്യ സരസ്വതി പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ച് 24 മണിക്കൂറിനകം പ്രതികളെ പിടികൂടാൻ കഴിഞ്ഞത് പോലീസിന് അഭിമാനനേട്ടം.
അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണാഭരണങ്ങൾ, ഡയമണ്ട് പതിപ്പിച്ച കമ്മൽ, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായത്. പ്രതികളെ എംടിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തൊണ്ടിമുതലുകൾ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. കോഴിക്കോട് നഗത്തിലെ മൂന്ന് ജ്വല്ലറികളിലാണ് പ്രതികൾ ആഭരണങ്ങൾ വിൽപ്പന നടത്തിയിരിക്കുന്നത്. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും.