തിരുവനന്തപുരം. എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരായ സ്ഥലംമാറ്റ നടപടി അംഗീകരിക്കാതെ പ്രതിപക്ഷം. സസ്പെൻഷനിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും, ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ ആവശ്യം. വിഷയം നിയമസഭയിലും ഉന്നയിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.
ക്രമസമാധാന ചുമതലയിൽ നിന്ന് എ.ഡി.ജി.പി എം ആർ കുമാറിനെ മാറ്റിയത് നിയമസഭ തുടങ്ങും മുൻപേയുള്ള സർക്കാരിൻ്റെ മുഖം രക്ഷിക്കൽ ശ്രമം എന്നാണ് പ്രതിപക്ഷ വിലയിരുത്തൽ. എന്ത് കാര്യത്തിനാണ് മാറ്റം എന്നത് പോലും വിശദീകരിക്കാത്തതിലും പ്രതിപക്ഷം വിമർശനം ഉയർത്തുന്നു. ഈ നടപടി പോരെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ ആദ്യ പ്രതികരണം.
എം ആർ അജിത് കുമാറിനെ മാറ്റിയത് നിവൃത്തികേട് കൊണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയതിലൂടെ മുഖ്യമന്ത്രി സ്വീകരിച്ചത് താൽക്കാലിക നടപടി മാത്രമെന്നായിരുന്നു കെ. മുരളീധരന്റെ ആക്ഷേപം. പേരിൽ ഒരുമാറ്റം മാത്രമെന്ന് കെ. കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. സസ്പെൻഷൻ ഒഴിവാക്കിയത് ചൂണ്ടിക്കാണിച്ച് സമരം കടുപ്പിക്കാനാണ് പ്രതിപക്ഷ യുവജന സംഘടനകളുടെയും തീരുമാനം.