തിരുവനന്തപുരം. മുഖ്യമന്ത്രിയുടേതായി പുറത്ത് വന്ന മലപ്പുറം പരാമർശത്തിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്ന് ഗവർണർക്ക് മുന്നിലെത്തി വിശദീകരിക്കും. ഇന്ന് നാലുമണിക്ക് രാജ് ഭവനിലെത്തി വിഷയം വിശദീകരിക്കാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഇരുവരുടെയും വിശദീകരണം കേട്ട ശേഷം മറ്റു നടപടികളിലേക്ക് രാജ് ഭവൻ കടക്കും. വിഷയത്തിൽ അസാധാരണ നടപടിയാണ് ഗവർണറുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. മലപ്പുറത്തുനിന്ന് പിടികൂടുന്ന സ്വർണവും ഹവാല പ്പണവും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നതായിരുന്നു മുഖ്യമന്ത്രിയുടെ പേരിൽ പുറത്തുവന്ന പ്രസ്താവന. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ചെങ്കിലും അസാധാരണ നടപടിയിലൂടെ വിഷയം കടുപ്പിക്കാൻ ആണ് ഗവർണറുടെ നീക്കം. മലപ്പുറത്ത് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്ത കേസുകൾ എത്രയെന്ന് അറിയിക്കാൻ നേരത്തെ രാജ്ഭവൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഫോൺ ചോർത്തൽ വിവാദത്തിലും രാജ്ഭവൻ അസാധാരണ ഇടപെടൽ നടത്തിയിരുന്നു.
Home News Breaking News മലപ്പുറം പരാമർശം, ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്ന് ഗവർണർക്ക് മുന്നിലെത്തി വിശദീകരണം നല്‍കും