നിയമസഭാ മാർച്ച്; രാഹുൽ മാങ്കൂട്ടത്തിലും പി. കെ. ഫിറോസും അറസ്റ്റിൽ

Advertisement

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ തലസ്ഥാന നഗരിയില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷ സാഹചര്യം ഉടലെടുത്തത്. ആദ്യം ഇവിടെ ഉന്തുംതള്ളും ഉണ്ടാവുകയായിരുന്നു. പ്രവര്‍ത്തകരെ തടയാന്‍ പോലീസ് ഇതിന് പിന്നാലെ ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു.
ഇതിനിടെ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും യൂത്ത് ലീഗ് അധ്യക്ഷന്‍ പി.കെ. ഫിറോസും അറസ്റ്റിലായി. പ്രതിഷേധം തുടര്‍ന്നതോടെ പോലീസ് ലാത്തിവീശി. ഇതോടെയാണ് സംഘര്‍ഷം രൂക്ഷമായി. പ്രതിപക്ഷത്തെ യുവജന നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.
സമീപകാലത്ത് ഉണ്ടായ വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ യുവജന സംഘടനകള്‍ സംയുക്തമായി മാര്‍ച്ച് സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശവും പോലീസിലെ ക്രിമിനല്‍വല്‍ക്കരണവും ഒക്കെ ചൂണ്ടിക്കാട്ടിയായിരുന്നു മാര്‍ച്ച്. വനിതകള്‍ ഉള്‍പ്പെടെ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
അതേസമയം, സഭയിലും പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ എഡിജിപി-ആര്‍എസ്എസ് ബന്ധം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനിന്നിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത്.

Advertisement