മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൾ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

Advertisement

തിരുവനന്തപുരം.മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൾ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രവർത്തകർ, ജലപീരങ്കിയുടെ ഗ്ലാസ് തകർത്തു. പ്രവർത്തകർക്കുനേരെ നേരെ നിരവധിതവണ പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും , യുത്ത് ലീഗ് നേതാവ് പി കെ ഫിറോസ് അടക്കം 20 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
അടിയന്തര പ്രമേയ ചർച്ചയിൽ നിയമസഭയ്ക്കുള്ളിൽ ചൂടേറിയ വാക്പോര് നടക്കുമ്പോൾ പുറത്ത് യുവജന സംഘടനകളുടെ കനത്ത പ്രതിഷേധം. സമാധാനപരമായി തുടങ്ങിയ മാർച്ച് ഉദ്ഘാടനത്തിന് ശേഷം രൂപംമാറി.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർ പൊലീസിന് നേർക്ക് കല്ലും, കമ്പും, കുപ്പിയും എറിഞ്ഞു.

സമരാനുകൂലികൾ പിന്തിരിയാത്തതോടെ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധം അണയാത്തതോടെ പൊലീസ് മൂന്ന് തവണ ടിയർ ഗ്യാസും പൊട്ടിച്ചു. രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിനിടെ യൂത്ത് കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെയും , യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതോടെ പ്രവർത്തകർ എംജി റോഡ് ഉപരോധിച്ചു.

റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തിൽ രാഹുൽ മാങ്കൂട്ടം, പി കെ ഫിറോസ് ഉൾപ്പടെ 20 പേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ഉൾപ്പടെയുള്ള ആരോപണങ്ങൾ ഉയർത്തിയാണ് പ്രതിപക്ഷ യുവജനസംഘടനകള്‍ നിയമസഭ മാര്‍ച്ച് സംഘടിപ്പിച്ചത്.