നിയമസഭയിൽ ഇന്ന് പൂരം

Advertisement

തിരുവനന്തപുരം.നിയമസഭയിൽ ഇന്ന് പൂരം കലക്കൽ വിവാദം ചർച്ചചെയ്യാൻ ഒരുങ്ങി പ്രതിപക്ഷം. തൃശ്ശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട വിവാദം അടിയന്തര പ്രമേയമായി ഇന്ന് നിയമസഭയിൽ ഉന്നയിക്കും. പൂരം കലക്കി ബിജെപിയെ സഹായിക്കാനുള്ള ഗൂഢാലോചന എന്ന വിവാദമാണ് സഭയിൽ ഉന്നയിക്കുക. തൃശ്ശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിഎസ് സുനിൽകുമാർ ഉൾപ്പെടെ ഈ ആരോപണം ഉന്നയിച്ചിരുന്നു. സഭ നിർത്തിവച്ച് വിവാദം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകുമോ എന്നാണ് കാത്തിരിക്കുന്നത്. ആദ്യ രണ്ടു ദിവസവും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസുകൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായിരുന്നു.

ആദ്യ ദിവസം അടിയന്തര പ്രമേയ ചർച്ചയ്ക്ക് അനുമതി ലഭിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞു. ഇന്നലെ നിയമസഭയിൽ എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ചയായിരുന്നു ചർച്ചയായത്. തുടർച്ചയായ മൂന്നാം ദിവസവും സർക്കാർ അടിയന്തര പ്രമേയ ചർച്ചയ്ക്ക് തയ്യാറാകുമോ എന്നാണ് കാത്തിരിക്കുന്നത്. ഡോക്ടർമാർ ശബ്ദ വിശ്രമം നിർദ്ദേശിച്ചു എന്നറിയിച്ച മുഖ്യമന്ത്രി ഇന്ന് സഭയിൽ സംസാരിക്കുമോ എന്നതും രാഷ്ട്രീയ ആകാംക്ഷ. സഭാ സമ്മേളനത്തിൽ ഇന്ന് പി.വി അൻവർ പങ്കെടുത്തേക്കും. പ്രതിപക്ഷ ബ്ലോക്കിൽ ഇരിക്കാൻ തയ്യാറല്ലെന്ന് സ്പീക്കറെ പി.വി അൻവർ അറിയിച്ചിട്ടുണ്ട്

Advertisement