മകൻ ബോളിവുഡ് സംവിധായകൻ, പക്ഷേ സ്വന്തമെന്ന് പറയാൻ ആരുമില്ലാതെ മാധവന്റെ മടക്കം!

Advertisement class="td-all-devices">

അല്ലെങ്കിലും സിനിമ അങ്ങനെയാണ്. തിളങ്ങുന്നവരെ വണങ്ങും. അല്ലാത്തവരോട് പിണങ്ങും. പണ്ട് തിളങ്ങി നിന്നിരുന്ന പിന്നീട് എല്ലാവരാലും അവഗണിക്കപ്പെട്ട എത്രയോ താരങ്ങളുണ്ട്, അണിയറ പ്രവർത്തകരുണ്ട് മലയാള സിനിമയിൽ. അക്കൂട്ടത്തിലേക്ക് ഒടുക്കം നടന്നു കയറിയ ആളായിരിക്കും ടി പി മാധവൻ. എന്നേ അവഗണിക്കപ്പെട്ടതാണ്. പക്ഷേ ലോകം അറിഞ്ഞത് ഇൗയിടയ്ക്കാണെന്നു മാത്രം.

മലയാളസിനിമയിൽ നാലുപതിറ്റാണ്ടു നീണ്ട സാന്നിധ്യമായിരുന്ന നടൻ ടി.പി മാധവൻ അശരരണര്‍ക്ക് തണലായ് മാറിയ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. കുടുംബാംഗങ്ങളോ സ്വന്തം മക്കളോ പോലും സഹായത്തിനില്ലാത്ത ആ മനുഷ്യനെ ജീവിതത്തിൽ പിടിച്ച് എഴുന്നേൽപ്പിച്ചത് അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപിടി നല്ല മനുഷ്യരാണ്.‌‌

2015 ഒക്ടോബര്‍ 23 ന് ഹരിദ്വാറിലെ ഒരു ആശ്രമത്തില്‍ തളര്‍ന്നുവീണ ടി.പി.മാധവനെ തിരക്കി ആരും ചെന്നില്ല. കാരണം സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്നവർക്കൊന്നും അദ്ദേഹത്തെ വേണ്ടായിരുന്നു. അമേരിക്കയിലുള്ള സഹോദരി അയച്ചുനല്‍കുന്ന തുകയും ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മ നല്‍കുന്ന കൈനീട്ടവുമായിരുന്നു ഏക സമ്പാദ്യം. തമ്പാന്നൂര്‍ ‘ഗാമ ലോഡ്ജിലെ’ ചെറിയൊരു മുറിയിലായിരുന്നു താമസം. ഹരിദ്വാറിൽ നിന്ന് തിരികയെത്തിയപ്പോഴും അങ്ങോട്ടേക്ക് തന്നെയാണ് പോയതും.

മോശമായ ആരോഗ്യാവസ്ഥയിലും ഹരിദ്വാറിലേയ്ക്ക് വീണ്ടും പോകാൻ തയാറെടുക്കുന്ന സമയത്താണ് സീരിയൽ സംവിധായകനും സുഹൃത്തുമായ പ്രസാദ് നൂറനാട് അദ്ദേഹത്തെ കാണുന്നത്. ഇനിയും ഹരിദ്വാറിന് പോയാൽ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുമെന്ന് തോന്നിയ പ്രസാദ് ഗാന്ധിഭവന്‍ സാരഥി സോമരാജുമായി ബന്ധപ്പെടുകയും അങ്ങനെ അദ്ദേഹത്തെ അവിടെ പ്രവേശിപ്പിക്കുകയുമായിരുന്ന‌ു.

‘ജീവിതം മടുത്ത് എല്ലാം ഉപേക്ഷിച്ച് ഹരിദ്വാറിലെ ആശ്രമത്തില്‍ ശിഷ്ടകാലം ജീവിച്ചുതീര്‍ക്കാൻ അദ്ദേഹത്തിന് താൽപര്യമുണ്ടെന്ന് എന്നോട് പറയുകയുണ്ടായി. ഇതിന് ട്രെയിൻ ടിക്കറ്റ് എടുത്തു തരണമെന്നും പറഞ്ഞു. എന്നാൽ ആരോഗ്യസ്ഥിതി തീരെ വഷളായിരുന്നു. ഞാൻ ടിക്കറ്റൊക്കെ ബുക്ക് ചെയ്തെങ്കിലും അദ്ദേഹത്തെ അവസ്ഥയിൽ വിടാൻ യാതൊരു താൽപര്യവുമില്ലായിരുന്നു. മാത്രമല്ല എന്നോടൊപ്പം നിന്ന സുഹൃത്തുക്കളും അദ്ദേഹത്തെ ഈ യാത്രയിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കി,’ പ്രസാദ് നൂറനാട് പറയുന്നു.

ആയിരത്തിയഞ്ഞൂറോളം അന്തേവാസികളുള്ള പത്തനാപുരം ഗാന്ധിഭവനില്‍ ടി.പി.മാധവന് സ്വന്തമായി ഒരു മുറി തന്നെ സോമരാജൻ ഏർപ്പാടാക്കി. മാത്രമല്ല ചികിത്സിക്കാന്‍ ഡോക്ടറെയും ഏര്‍പ്പെടുത്തി. ഗാന്ധിഭവനിലെ ജീവിതം മാധവൻ ഏറെ ആസ്വദിച്ചിരുന്നു. വായിക്കാൻ പുസ്തകങ്ങളും സംസാരിക്കാൻ സുഹൃത്തുക്കളെയും ലഭിച്ചതോടെ അദ്ദേഹം വീണ്ടും ഊർജ്ജ്വസ്വലനായി. ആരോഗ്യം മോശമാകും വരെ ഗാന്ധിഭവന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.

ഏകദേശം മുപ്പത് വർഷത്തോളമായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു അദ്ദേഹം. ഇത്രയും സംഭവവികാസങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടും അവരാരും അദ്ദേഹത്തെ തിരഞ്ഞു വന്നില്ല. ഒരു മകനും മകളുമാണ് മാധവന്. ടി.പി.മാധവന്റെ മകൻ ഇപ്പോള്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്. അക്ഷയ് കുമാര്‍ നായകനായി എത്തിയ എയര്‍ ലിഫ്റ്റ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാജകൃഷ്ണ മേനോന്‍. സിനിമയിലേക്ക് മടങ്ങി വരണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അതു നടന്നില്ല. ഒടുവിൽ ഓർമകളോട് പിണങ്ങി മടക്കം !

LEAVE A REPLY

Please enter your comment!
Please enter your name here