കഴിഞ്ഞ ദിവസം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എയർബാഗ് മുഖത്തമർന്ന് കുട്ടി മരിച്ചിരുന്നു. മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസുകാരിയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തെ തുടർന്ന് കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാൻ കർശന നടപടികളുമായി മുന്നോട്ടു വന്നിരിക്കുകയാണ് മോട്ടർവാഹന വകുപ്പ്.
കുട്ടികളെ മടിയിൽ ഇരുത്തിയുള്ള യാത്ര സുരക്ഷിതമല്ലെന്നാണ് മോട്ടർ വാഹന വകുപ്പ് പറയുന്നത്. നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറുകളുടെ പിന്‍സീറ്റില്‍ പ്രായത്തിന് അനുസരിച്ച്, ബെല്‍റ്റ് ഉള്‍പ്പെടെയുള്ള പ്രത്യേക ഇരിപ്പിടം (ചൈല്‍ഡ് റിസ്‌ട്രെയിന്റ് സിസ്റ്റം) സജ്ജമാക്കണം. നാല് മുതല്‍ 14 വയസ് വരെയുള്ള, 135 സെ.മീറ്ററിൽ താഴെ ഉയരവുമുള്ള കുട്ടികള്‍ കാറിന്റെ പിന്‍സീറ്റില്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ധരിച്ചു വേണം ഇരിക്കാന്‍. സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഡ്രൈവര്‍ ഉറപ്പാക്കണം. ഇരുചക്രവാഹനങ്ങളില്‍ നാല് വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാണ്. കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്തുവയ്ക്കുന്ന സുരക്ഷാ ബെല്‍റ്റ് ഉപയോഗിക്കുന്നതും നല്ലതാണ് എന്നാണ് മോട്ടർ വാഹന വകുപ്പ് നിർദ്ദേശം.
അരുത് മടിയിൽ ഇരുത്തിയുള്ള യാത്ര
ഓരോ അപകടവും ഒരു പാഠമാണ്. ജീവനോളം വലുതല്ല മറ്റൊന്നും. നമ്മൾ തീരെ അവഗണിക്കുന്ന കാര്യമാണ് കുട്ടികളുടെ കാർ യാത്ര. പൊതുവേ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോൾ അവരെ മടിയിൽ ഇരുത്തുകയാണു പതിവ്. മിക്കവാറും മുൻസീറ്റിലായിരിക്കും ഇരിക്കുക. ഒരിക്കലും കുട്ടികളെ മുൻസീറ്റിൽ ഇരുത്തരുത്. കാരണം, പെട്ടെന്ന് അപകടമുണ്ടായാൽ കുട്ടികൾ തെറിച്ച് റൂഫിലോ വിൻഡ്ഷീൽഡിലോ തല ഇടിക്കും. മടിയിൽ ഇരിക്കുമ്പോൾ കുഞ്ഞിനെ പിടിച്ചിരിക്കുന്നവർക്കേ സീറ്റ്ബെൽറ്റ് ഉള്ളൂ. കുട്ടികൾക്ക് ഇല്ല. മാത്രമല്ല, കാറിലെ സീറ്റ് ബെൽറ്റ് കുട്ടികൾക്കു പാകമാകില്ല, കുഞ്ഞിനെയും ചേർത്ത് സീറ്റ്ബെൽറ്റ് ഇടാനും പാടില്ല.
കുഞ്ഞുങ്ങളുടെ മാംസപേശികളും എല്ലുകളുമൊക്കെ വളര്‍ച്ചയുടെ ഘട്ടത്തിലായതിനാല്‍ അപകടത്തിലുണ്ടാവുന്ന പരിക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. മുൻസീറ്റിൽ ഇരുത്തുമ്പോൾ അപകടമുണ്ടായി എയർബാഗ് വിടരുമ്പോൾ അതിൽ മുഖമിടിച്ച് കുട്ടികൾക്കു ശ്വാസം കിട്ടാത്ത അവസ്ഥയുമുണ്ടാകാം. കൂടാതെ, നാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് എയര്‍ബാഗുകള്‍ അപകടകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എയര്‍ബാഗുകള്‍ ഏകദേശം 322kmph വേഗത്തില്‍ അല്ലെങ്കില്‍ ഒരു സെക്കന്റിന്റെ 1/20-നുള്ളില്‍ ശക്തിയായി പ്രവര്‍ത്തിക്കും. ഇത് ഒരു കൊച്ചുകുട്ടിക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടാക്കും.
∙ ചൈൽഡ് സീറ്റിനോട് മുഖംതിരിക്കരുത്: പുതിയ വാഹനങ്ങളെല്ലാം കുട്ടികളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രധാന്യം നൽകുന്നവയാണ്. എന്നാലും പിന്‍സീറ്റിൽ ചൈൽഡ് സീറ്റ് ഘടിപ്പിച്ച് സീറ്റ് ബെൽട്ട് ഇട്ടതിനു ശേഷമുള്ള യാത്ര കൂടുതൽ സുരക്ഷ നൽകും. പിൻസീറ്റിൽ ഇസോഫിക്സ് ചൈൽഡ് പിറ്റ് സഹിതമുള്ള വാഹനങ്ങൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.
∙ചൈൽഡ് സീറ്റ് ഡ്രൈവറിന് പിന്നിൽ വേണ്ട: പിൻസീറ്റിൽ ഡ്രൈവർക്കു പുറകിലായി ചൈൽഡ് സീറ്റ് ഘടിപ്പിക്കുന്നതിലും സുരക്ഷിതം മുൻ സീറ്റിലുള്ള യാത്രക്കാരന്‍റെ പിൻവശത്തായി വരുന്ന ഇടത് ഭാഗത്ത് ചൈൽഡ് സീറ്റ് ഘടിപ്പിക്കുന്നതാണ്.
∙ചൈൽഡ് സീറ്റ് പാകമായിരിക്കണം: കുട്ടികൾക്കായി ഘടിപ്പിച്ചിരിക്കുന്ന സീറ്റ് അവർക്ക് പാകമായിരിക്കണം. ഒപ്പം സുരക്ഷാ ബെൽറ്റുകൾ കൃത്യമായി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
∙ സീറ്റ് ബെൽറ്റ് ഉള്ള ബേബി സീറ്റ്, ചൈൽഡ് സീറ്റ് എന്നിവ വിപണിയിൽ വാങ്ങാൻ കിട്ടും. ഇത് സീറ്റിൽ ഉറപ്പിക്കാനുള്ള പ്രത്യേക ബക്കിളും ഉണ്ട്. ബെൽറ്റ് കുഞ്ഞിന്റെ പാകത്തിന് ക്രമീകരിച്ച് ഇടുക. വളരെ ഇറുക്കിയോ, അയഞ്ഞോ അല്ലെന്ന് ഉറപ്പാക്കുക. പെട്ടെന്ന് ബ്രേക്ക് ചെയ്താലും അപകടമുണ്ടായാലും കുഞ്ഞ് തെറിച്ചു പോകാതെ സുരക്ഷിതമായിരിക്കും.
എന്താണ് ചൈൽഡ് സീറ്റ്, ഉപയോഗം എങ്ങനെ?
ചൈൽഡ് സീറ്റ് കുട്ടികളുടെ സുരക്ഷയ്ക്ക് ഏറ്റവും അത്യാവശ്യമാണ്. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു നിർബന്ധമായും ചൈൽഡ് സീറ്റോ, ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനോ ഉപയോഗിക്കാം. 6 മാസം മുതൽ 14 വയസ്സു വരെ വ്യത്യസ്ത പ്രായക്കാർക്കുള്ള ചൈൽഡ് സീറ്റും ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനുകളും ആക്സസറീസ് ആയി വാങ്ങാൻ കിട്ടും. ഇത് പിൻ സീറ്റിൽ ഘടിപ്പിക്കുക. കുട്ടിയെ ഇരുത്തിയ ശേഷം ചൈൽഡ് സീറ്റ് ബെൽറ്റ് ധരിപ്പിക്കാം. ബെൽറ്റ് ധരിപ്പിക്കുമ്പോൾ സ്ട്രാപ്പ് കുട്ടിയുടെ കഴുത്തിൽ കുരുങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുക.
സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കരുത്. മുതിർന്നവർക്കുള്ള സീറ്റ് ബെൽറ്റ് കുട്ടികളെ ധരിപ്പിക്കരുത്. കാരണം, സീറ്റ് ബെൽറ്റ് മുതിർന്നവരുടെ സൗകര്യാർഥം ഡിസൈൻ ചെയ്തവയാണ്. അത് കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കാം. മാത്രമല്ല അപകടം നടന്നാൽ സീറ്റ്ബെൽറ്റ് വലിഞ്ഞുമുറുകി കുട്ടിയുടെ ആന്തരാവയവങ്ങൾക്കു ക്ഷതം സംഭവിക്കാം. ചൈൽഡ് സീറ്റിൽ ഇരുത്തുമ്പോൾ, ബെൽറ്റ് കുട്ടികൾ ഊരിമാറ്റുകയോ സീറ്റിന്റെ ബക്കിൾ അഴിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം. കുട്ടിയ്ക്കു സൗകര്യപ്രദമായ രീതിയിൽ വേണം ബെൽറ്റ് ധരിപ്പിക്കാൻ. കുട്ടികളോട് സീറ്റ് ബെൽറ്റ് ധരിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് ഡ്രൈവറും സഹയാത്രികരും സീറ്റ് ബെൽറ്റ് ധരിച്ച് മാതൃക കാണിക്കണം.