താഴ്ന്നിറങ്ങി പൊന്ന്! വിലയിൽ ഇന്ന് വൻ ഇടിവ്, ജിഎസ്ടിയും പണിക്കൂലിയുമടക്കം വില ഇങ്ങനെ

Advertisement

ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും സന്തോഷം സമ്മാനിച്ച് വിലയിൽ ഇന്ന് വൻ ഇടിവ്. ഗ്രാമിന് 70 രൂപ ഒറ്റയടിക്ക് താഴ്ന്ന് വില 7,030 രൂപയായി. പവന് 560 രൂപ കുറഞ്ഞ് വില 56,240 രൂപ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈമാസം 4ന് രേഖപ്പെടുത്തിയ പവന് 56,960 രൂപയും ഗ്രാമിന് 7,120 രൂപയുമാണ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.

കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഒറ്റയടിക്ക് 60 രൂപ ഇടിഞ്ഞ് 5,810 രൂപയായി. വെള്ളി വിലയും ഇടിവിന്റെ ട്രാക്കിലാണ്. ഇന്നും ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് വില 96 രൂപയിലെത്തി. ഇന്നലെയും രണ്ടു രൂപ കുറഞ്ഞിരുന്നു.

എന്തുകൊണ്ട് ഇപ്പോൾ വില കുറയുന്നു?

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ സാമ്പത്തിക രംഗത്തെ ചലനങ്ങളാണ് സ്വർണവിലയെ ഇപ്പോൾ സ്വാധീനിക്കുന്നത്. ആഭ്യന്തര സമ്പദ്‍വ്യവസ്ഥ മാന്ദ്യം ഉൾപ്പെടെ ഭീഷണി നേരിടുന്നത് കണക്കിലെടുത്ത് കഴിഞ്ഞമാസം കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് അരശതമാനം വെട്ടിക്കുറച്ചിരുന്നു.

പലിശ കുറഞ്ഞതിന് ആനുപാതികമായി ഡോളറിന്റെ മൂല്യവും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ട്രഷറി യീൽഡ്) ഇടിഞ്ഞത്, സ്വർണ നിക്ഷേപ പദ്ധതികൾക്കാണ് ഗുണം ചെയ്തത്. നിക്ഷേപം ഒഴുകിയതോടെ വിലയും റെക്കോർഡ് തകർത്ത് മുന്നേറുകയായിരുന്നു. എന്നാൽ, ഇപ്പോൾ സാഹചര്യം മാറി.

അമേരിക്കൻ സമ്പദ്മേഖല ഇപ്പോൾ ഉണർവിന്റെ പാതയിലാണ്. കഴിഞ്ഞമാസത്തേത് പോലെ ഇനിയൊരു ബംപർ വെട്ടിക്കുറയ്ക്കൽ പലിശയിൽ ഉടനുണ്ടാവില്ലെന്ന സൂചന ശക്തമായതോടെ സ്വർണത്തിന്റെ തിളക്കം മായുകയാണ്. ഔൺസിന് അടുത്തിടെ 2,685 ഡോളർ എന്ന റെക്കോർഡ് ഉയരംതൊട്ട രാജ്യാന്തര വില ഇന്നലെ ഒരുവേള 2,614 ഡോളറിലേക്ക് ഇടിഞ്ഞു. ഇതാണ് കേരളത്തിലും വില കുറയാൻ വഴിയൊരുക്കിയത്.

ജിഎസ്ടി ഉൾപ്പെടെ വില

സ്വർണവില കുറഞ്ഞതോടെ ആഭരണങ്ങളുടെ വാങ്ങൽ വിലയും ആനുപാതികമായി കുറഞ്ഞു. 3% ജിഎസ്ടി, ഹോൾമാർക്ക് ഫീസ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി എന്നിവ ചേരുന്നതാണ് വാങ്ങൽ വില. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് 60,878 രൂപ കൊടുത്താലേ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,609 രൂപയും.