സ്വർണ കടത്തു പരാമർശത്തിൽ മുഖ്യമന്ത്രി ഗവർണർ പോര്, കടുത്തപരാമര്‍ശങ്ങളുമായി ഗവര്‍ണര്‍

Advertisement

തിരുവനന്തപുരം. മലപ്പുറം സ്വർണ കടത്തു പരാമർശത്തിൽ മുഖ്യമന്ത്രി ഗവർണർ പോര് രൂക്ഷം.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്തിന് അതേ ഭാഷയിൽ മറുപടി കത്തയച്ച മുഖ്യമന്ത്രി തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും എന്തെങ്കിലും വിവരങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. അതേസമയം
ഹിന്ദു പത്രത്തിലെ അഭിമുഖത്തിൽ മുഖ്യമന്ത്രിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത ഗവർണർ ദേശവിരുദ്ധ ശക്തികളെ പരിപോഷിപ്പിക്കുന്നതായും കടുത്ത ആരോപണം ഉന്നയിച്ചു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറല്ലെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തതോടെയാണ് ചൊവ്വാഴ്ച ഗവര്‍ണര്‍ അതിരൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്തോ മുഖ്യമന്ത്രിക്ക് മറച്ചുവെക്കാനുണ്ട് എന്നതടക്കമുള്ള കാര്യങ്ങളാണ് കത്തില്‍ ഗവര്‍ണര്‍ ആരോപിച്ചത്.
ഈ കത്തിനാണ് മുഖ്യമന്ത്രി കടുത്ത ഭാഷയിൽ മറുപടി നൽകിയത്. തനിക്കൊന്നും ഒളിച്ചുവയ്ക്കാനില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം. എല്ലാ വിവരങ്ങളും ഗവർണറെ കൃത്യമായി അറിയിച്ചിട്ടുണ്ട്. വൈകിയത് വിവരശേഖരണത്തിന് സമയം എടുത്തത് കൊണ്ടാണ്. മാത്രമല്ല ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനാണ് കൂടുതൽ ഉത്തരവാദിത്വം . സർക്കാരിനെ ഇരുട്ടിൽ നിർത്തി ഉദ്യോഗസ്ഥരെ വിളിപ്പിച്ചത് ശരിയല്ലെന്ന് നിലപാടിൽ ഉറച്ചു നിൽക്കുന്നതായും മുഖ്യമന്ത്രി കത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ കത്തിന് അതിരൂക്ഷഭാഷയിലാണ് ഗവർണർ മറുപടി നൽകിയത്.

മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല ഇടപാടുകൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ല. പൊലീസ് വെബ്സൈറ്റിലും ഇക്കാര്യങ്ങൾ പറയുന്നുണ്ട്. മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു ദിനപ്പത്രത്തെയാണോ ആരെയാണ് പിആർ വിവാദത്തിൽ വിശ്വസിക്കേണ്ടത്. ഹിന്ദുവാണ് കള്ളം പറയുന്നതെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല. തനിക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്ക് ഭരണഘടന ബാധ്യത ഉണ്ട്. തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി .

മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചും, വിശ്വാസ്യതയെ ചോദ്യംചെയ്തും ഗവർണർ വീണ്ടും പോരിനിറങ്ങിയതോടെ സംസ്ഥാനത് ഉടലെടുത്തത് അസാധാരണ ഭരണഘടന പ്രതിസന്ധി.