കൊച്ചിയിൽ മൂന്നര വയസ്സുകാരന് ക്രൂര മർദനം; പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ

Advertisement

കൊച്ചി: മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരന് ക്രൂര മർദനം. പ്ലേ സ്കൂൾ അധ്യാപികയാണ് കുട്ടിയുടെ മുതുകിൽ ചൂരൽ ഉപയോഗിച്ച് തല്ലി പരുക്കേൽപ്പിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു.

അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കുവാൻ കൊണ്ടുപോയിരിക്കുകയാണ്. ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനെ തുടർന്ന് അധ്യാപിക കുഞ്ഞിനെ ചൂരൽ ഉപയോ​ഗിച്ച് പുറത്ത് മർദിക്കുകയായിരുന്നു.

മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിൽ ഇന്നലെയാണ് സംഭവം. കുഞ്ഞിന്റെ പുറത്ത് ചൂരൽ കൊണ്ട് മർദനമേറ്റതിന്റെ പാടുകൾ ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ അധ്യാപികയെ സസ്പെൻ്റ് ചെയ്തതായി സ്ഥാപനം അറിയിച്ചിരുന്നു.

കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ തല്ലിയതിന്റെ പാടുകൾ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. പിന്നാലെ മാതാപിതാക്കൾ പരാതി നൽകി.